road

തിരുവനന്തപുരം: വിമാനത്താവളം - ശംഖുംമുഖം ബീച്ച് റോഡ് പുനർനിർമ്മിക്കാനുള്ള 4.29 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജനങ്ങളെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ പാടില്ലെന്ന് കാണിച്ചാണ് കഴിഞ്ഞയാഴ്ച ഇറക്കിയ ഉത്തരവ് കമ്മിഷൻ തടഞ്ഞത്. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ആറിന് ഇറക്കിയ ഉത്തരവ് റദ്ദാക്കി. തിരഞ്ഞെടുപ്പ് പൂ‌ർത്തിയായ ശേഷം പുതുക്കിയ ഉത്തരവിറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ കനത്ത കാലവർഷത്തിലാണ് റോഡ് തകർന്നത്. റോഡിന്റെ ഒരു ഭാഗത്ത് 275 മീറ്റർ പ്രദേശം കടൽ വിഴുങ്ങി. സംരക്ഷണഭിത്തിയും സന്ദർശകർക്കുള്ള ഇരിപ്പിടങ്ങളും നടപ്പാതയും മത്സ്യബന്ധന സാമഗ്രികളുമെല്ലാം തരിപ്പണമായി. റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതോടെ ഒരു ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. വിവിധ വകുപ്പുകളും ഏജൻസികളും തമ്മിലുള്ള തർക്കമാണ് പുനർനിർമ്മാണം വൈകാൻ കാരണം. വേലിയേറ്റത്തിൽ റോഡിന്റെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞ് കടലിലേക്ക് പതിച്ചിരിക്കുകയാണെന്നും കൂടുതൽ അപകടമുണ്ടാവും മുമ്പ് അടിയന്തരമായി പുനർനിർമ്മിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ (റോഡ്സ്) സർക്കാരിന് ശുപാർശ നൽകി. തുടർന്നാണ് വേലിയേറ്റം തടയാനുള്ള സംരക്ഷണഭിത്തി, ചെറിയ കലുങ്ക് സഹിതം 275 മീറ്റർ റോഡ് നാലുവരിയിൽ പുതുക്കിപ്പണിയാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. വിമാനത്താവളത്തിന്റെ സാമീപ്യവും കടലാക്രമണമുണ്ടാകാനുള്ള സാദ്ധ്യതയും പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പുനർനിർമ്മാണച്ചുമതല ഏറ്റെടുത്താണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സിറ്റി റോഡുകളുടെ പരിപാലനത്തിനുള്ള ടി.ആർ.ഡി.സി.എല്ലിനെ റോഡ് ഫണ്ട് ബോർഡ് എക്‌സിക്യുട്ടീവ് ഓഫീസർ രേഖാമൂലം ഇക്കാര്യം അറിയിച്ചു. പുനർ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നടത്തുമെങ്കിലും മേൽനോട്ടം ടി.ആർ.ഡി.സി.എല്ലിനായിരിക്കും. മേൽനോട്ടം നടത്തുന്നതിനുള്ള പണം അവർക്ക് നൽകും. ഈ വ്യവസ്ഥകളോടെ പുനർനിർമ്മാണത്തിന് ഉടനടി ടെൻഡർ വിളിക്കാൻ ചീഫ് എൻജിനിയറെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഈ നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞത്. മേയ് 23ന് വോട്ടെണ്ണൽ കഴിഞ്ഞാലേ പെരുമാറ്റച്ചട്ടം പൂർണമായി നീങ്ങൂവെന്നതിനാൽ ഇക്കൊല്ലത്തെ കാലവർഷം കഴിഞ്ഞാലേ ശംഖുംമുഖം റോഡ് പുനർനിർമ്മിക്കാനാകൂ.