election-2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി നാളെ രണ്ടാംഘട്ടത്തിലേക്കു കടക്കുകയാണ്. രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ആവേശഭരിതമാകുന്നതിനൊപ്പം നേതാക്കളുടെ നാവിന്റെ മൂർച്ചയും പതിന്മടങ്ങു കൂടിക്കൊണ്ടിരിക്കുകയാണ്. എതിരാളികളെ അടിച്ചിരുത്താനുള്ള ശ്രമത്തിൽ സഭ്യതയും തിരഞ്ഞെടുപ്പു ചട്ടങ്ങളും ഒരുപോലെ ലംഘിക്കപ്പെടുന്ന കാഴ്ചയാണ് എങ്ങും. ഇക്കാര്യത്തിൽ വലിയ നേതാവെന്നോ ചെറിയ നേതാവെന്നോ വ്യത്യാസമൊന്നുമില്ല. തിരഞ്ഞെടുപ്പു യോഗങ്ങളിൽ മാത്രമല്ല അഭിമുഖങ്ങളിലും എഴുത്തിലുമൊക്കെ വിദ്വേഷത്തിന്റെ സ്വരമാണ് ഏറ്റവും ഉച്ചസ്ഥായിയിൽ മുഴങ്ങിക്കേൾക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം നാലു പ്രമുഖ നേതാക്കൾക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയത്. വിഷം പുരട്ടിയ വാക്കുകൾ ഒരു ലോപവുമില്ലാതെ എതിരാളികൾക്കുനേരെ പ്രയോഗിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഇക്കാര്യത്തിൽ ഒട്ടുംതന്നെ പുറകിലല്ലാത്ത ബി.എസ്.പി അദ്ധ്യക്ഷ മായാവതി, മുസ്ലിം വിരുദ്ധ പ്രസംഗം കലയാക്കിക്കൊണ്ടു നടക്കുന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധി, സമാജ് വാദി പാർട്ടിയുടെ തീപ്പൊരി പ്രാസംഗകരിലൊരാളായ അസംഖാൻ എന്നിവരെയാണ് ഇലക്‌ഷൻ കമ്മിഷൻ പ്രചാരണ രംഗത്തു നിന്ന് താൽക്കാലികമായി മാറ്റി നിറുത്തിയിരിക്കുന്നത്. ആദിത്യനാഥിനും മേനകാ ഗാന്ധിക്കും മൂന്നു ദിവസത്തേക്കാണ് വിലക്കെങ്കിൽ മായാവയിയും അസംഖാനും രണ്ടു ദിവസം വായടച്ച് വീട്ടിലിരിക്കേണ്ടിവരും. അത്യസാധാരണമായ ഇത്തരത്തിലൊരു നടപടിക്ക് ഇലക്ഷൻ കമ്മിഷനെ പ്രേരിപ്പിച്ചത് ഇവരുടെ 'വാമൊഴി വഴക്കം' തന്നെയാണ്. മുസ്ലിം വിരുദ്ധ പ്രസംഗങ്ങളുടെ പേരിൽ മുഖ്യമന്ത്രി കൂടിയായ ആദിത്യനാഥും മേനകാ ഗാന്ധിയും പ്രചാരണ യോഗങ്ങളിൽ സൃഷ്ടിച്ചുകൊണ്ടിരുന്ന പ്രകോപനങ്ങൾ മാദ്ധ്യമങ്ങളിൽ സവിസ്തരം വന്നുകഴിഞ്ഞു.

അണികൾക്കും പ്രവർത്തകർക്കും പ്രചാരണ മര്യാദകളും തിരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ നിയമപരമായ ബാദ്ധ്യതയും പറഞ്ഞുകൊടുക്കേണ്ട നേതാക്കൾതന്നെ നിയമ ലംഘനത്തിനു മുതിരുന്നത് വിരോധാഭാസമാണ്. നിയമത്തോടും ചട്ടങ്ങളോടുമുള്ള കൂസലില്ലായ്മ മാത്രമല്ലിത്. സമൂഹത്തെ വില കുറച്ചു കാണുന്നതുകൊണ്ടുകൂടിയാണിത്. വിദ്വേഷവും വർഗീയതയും ഇളക്കിവിട്ട് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമം ജനാധിപത്യത്തിനു പതിറ്റാണ്ടുകളായി സമൂഹം ശീലിച്ചുപോന്ന ആചാരമര്യാദകൾക്കും നിരക്കാത്തതാണ്. മുസ്ലിംലീഗ് കോൺഗ്രസിനെ ബാധിച്ച വൈറസാണെന്നും അതിനെ ഇപ്പോൾത്തന്നെ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്താകെ പടർന്ന് വലിയ അപകടമുണ്ടാക്കുമെന്നുമുള്ള യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ വിഷം പുരണ്ട വാക്കുകൾക്കെതിരെ രാജ്യമാസകലം വിവേകമതികളിൽ നിന്ന് പ്രതിഷേധം ഉയർന്നതാണ്. വിഷം വമിച്ച നിമിഷം തന്നെ യോഗിക്കെതിരെ നിയമാനുസൃത നടപടി എടുക്കേണ്ടതായിരുന്നു. പരാതി ലഭിച്ച് ദിവസങ്ങൾക്കുശേഷമാണ് കമ്മിഷൻ അനങ്ങിയത്. അതുപോലെ കേന്ദ്രത്തിൽ മന്ത്രിപദം വഹിക്കുന്ന മേനകാഗാന്ധി എത്ര ലാഘവത്തോടെയാണ് തനിക്ക് വോട്ടു ചെയ്യാൻ മടിക്കുന്ന മുസ്ലിങ്ങൾ സഹായാഭ്യർത്ഥനയുമായി തന്റെ പക്കലേക്ക് മേലിൽ വന്നു പോകരുതെന്ന് പറഞ്ഞ് അവരെ വെറും വോട്ടർമാരായി മാത്രം കണ്ടത്. എല്ലാ ജനവിഭാഗങ്ങളെയും ഒന്നായി കാണുമെന്നും ഒരുവിധ പക്ഷപാതിത്വവും കാണിക്കുകയില്ലെന്നും ഭരണഘടന തൊട്ട് പ്രതിജ്ഞ ചൊല്ലി മന്ത്രിയായവർ നാലു വോട്ടിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാൻ പോലും മടിക്കില്ലെന്നതിന് തെളിവന്വേഷിച്ച് വേറെങ്ങും പോകേണ്ടതില്ല. ഏതെങ്കിലും തിരഞ്ഞെടുപ്പു യോഗം നടക്കുന്നിടത്തു അല്പനേരം നിന്നാൽ മതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇസ്ലാമിലെ അലിയും ഹിന്ദുദൈവം ഹനുമാനും തമ്മിലുള്ള മത്സരമായിട്ടാണ് മുഖ്യമന്ത്രി യോഗ് ആദിത്യനാഥ് കാണുന്നത്. ശത്രുക്കളിൽ നിന്ന് രാജ്യത്തിന് രക്ഷാകവചമൊരുക്കുന്ന സേനാംഗങ്ങളെ മോദി സേന എന്നു വിശേഷിപ്പിച്ച് അദ്ദേഹം വിവാദം സൃഷ്ടിച്ചിട്ട് അധിക നാളായില്ല. മുഖ്യമന്ത്രി എന്ന പദവിക്കു നിരക്കാത്തതാണ് അദ്ദേഹത്തിന്റെ പല ചെയ്തികളും പ്രസംഗങ്ങളും. തന്റെ എതിർ സ്ഥാനാർത്ഥി ജയപ്രദക്കെതിരെ അപകീർത്തികരമായി പ്രസംഗിച്ചതിന് കുടുക്കിലായ സമാജ് വാദി പാർട്ടിയിലെ അസംഖാനും ജാതിപറഞ്ഞ് വോട്ടു നേടിയ മായാവതിയും മാത്രമല്ല ഇവർക്കൊപ്പം കൂട്ടാവുന്ന നേതാക്കൾ വേറെയും അനവധിയുണ്ട്. ചട്ടലംഘനത്തിന് മുതിരുന്നവരെ ഒരേ നിലയിൽ നേരിടാൻ ഇലക്‌ഷൻ കമ്മിഷനു കഴിയുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പ്രതിക്കൂട്ടിലാണ്.

പ്രകടനപത്രികയും സ്വന്തം രാഷ്ട്രീയ നിലപാടുകളും അടിസ്ഥാനമാക്കി വോട്ടു തേടുക എന്ന രീതി ഇല്ലാതായി വരികയാണ്. എതിരാളികളെ കുറ്റം പറഞ്ഞും ഇടിച്ചു താഴ്ത്തിയും വർഗീയത പറഞ്ഞും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിനിടയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അതിർവരമ്പുകൾ ശ്രദ്ധിക്കാൻ എത്ര നേതാക്കൾ തയ്യാറാകും. തിരഞ്ഞെടുപ്പിന് ഇനിയും അഞ്ചു ഘട്ടങ്ങൾ ബാക്കിയുള്ളതിനാൽ ഇപ്പോൾ നാലു പ്രമുഖ നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്കത്തിന്റെ വാൾ പ്രചാരണ രംഗത്ത് ക്രിയാത്മക മാറ്റങ്ങളുണ്ടാക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. നേതാക്കൾക്ക് ഏർപ്പെടുത്തിയ പ്രചാരണ വിലക്ക് സ്റ്റേ ചെയ്യാൻ സുപ്രീം കോടതിയും വിസമ്മതിച്ചത് തീർച്ചയായും ഉദ്ദേശിച്ച ഫലം ചെയ്യും.