പൂവാർ: കൊടി കെട്ടുന്നതിലുണ്ടായ തർക്കത്തിൽ സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. കാഞ്ഞിരംകുളം പഞ്ചായത്തിലെ കഴിവൂർ ആശാൻവിളയ്ക്ക് സമീപം കാർത്തിക ഭവനിൽ എ. സുരേന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. വിഷുദിനത്തിൽ വൈകിട്ട് മൂന്നോടെ എട്ടോളം ബി.ജെ.പി പ്രവർത്തകർ സുരേന്ദ്രന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയെന്നാണ് പരാതി. കമ്പിവടി കൊണ്ട് തന്റെ തലയ്ക്ക് അടിക്കുകയും കമ്പ് കൊണ്ട് മർദ്ദിക്കുകയും ചെയ്‌തെന്നും തടയാനെത്തിയ ഭാര്യ ചന്ദ്രമതിയെ കമ്പ് കൊണ്ട് മർദ്ദിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. ഇരുവരും പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ ചന്ദ്രമതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ അജിത്ത്, മനു, വിഗ്‌നേഷ്, വിനോജ് ബാബു, കുമാർ, അനു കൃഷ്ണൻ, വിഷ്ണു ഷാജി തുടങ്ങിയവർ ആക്രമണത്തിന് ശേഷം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് കഴിവൂർ നാലാംപറ ജംഗ്ഷനിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനെച്ചൊല്ലി ബി.ജെ.പി, സി.പി.എം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണിതെന്ന് പൊലീസ് പറഞ്ഞു. സുരേന്ദ്രൻ കാഞ്ഞിരംകുളം സർവീസ് സഹകരണ സംഘം മുൻ പ്രസിഡന്റും ഭാര്യ ചന്ദ്രമതി മുൻ പഞ്ചായത്ത് മെമ്പറുമായിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കഴിവൂർ ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.