pol

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കാൻ സംസ്ഥാനത്ത് ഇനിയും വേണ്ടത് 16,000 പൊലീസുകാരെ. സംസ്ഥാനത്തെ 56,895 പൊലീസുകാരെ രംഗത്തിറക്കിയാലും ക്രമസമാധാനപാലനത്തിന് 17000 പേരെ അധികമായി വേണമെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത്. 400 പൊലീസുകാരെയും 600 ഹോംഗാർഡുമാരെയും നൽകാമെന്ന് കർണാടക സമ്മതിച്ചിട്ടുണ്ട്. ബാക്കി സേനയ്‌ക്കായി മറ്റ് സംസ്ഥാനങ്ങളുടെ സഹായം തേടി.

കർണാടക പൊലീസ് മേധാവിയോട്, 20 മുതൽ 23വരെ വിന്യസിക്കാൻ 2000 പൊലീസുകാരെ അയയ്‌ക്കണമെന്നാണ് ബെഹ്റ ആവശ്യപ്പെട്ടത്. എന്നാൽ കർണാടകത്തിലെ രണ്ടാംഘട്ട പോളിംഗ് 23നായതിനാൽ ഇത്രയും സേനയെ അയയ്‌ക്കാനാവില്ലെന്നായിരുന്നു മറുപടി. കേരളത്തിലേക്ക് അയയ്‌ക്കുന്ന ഹോംഗാർഡുകൾക്ക് പ്രതിദിനം 675 രൂപ ഡ്യൂട്ടി അലവൻസായി നൽകണം. അഞ്ച് ദിവസം ഇവർ കേരളത്തിലുണ്ടാവും. ആകെ സേനയ്‌ക്ക് 20,25,000 രൂപ അലവൻസ് വേണം. കർണാടകത്തിൽ നിന്ന് പുറപ്പെടും മുമ്പ് ഇത് നൽകണം. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് സേനാവിന്യാസം പൂർത്തിയാക്കേണ്ടതിനാൽ തുക നൽകാൻ ആഭ്യന്തരവകുപ്പ് ഉടൻ ഉത്തരവിറക്കി.

കേരളത്തിലെത്തുന്ന 57കമ്പനി കേന്ദ്രസേനയെ തീവ്രപ്രശ്‌നബാധിത ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലുമാവും വിന്യസിക്കുക. 100കമ്പനി കേന്ദ്രസേനയെ അയയ്‌ക്കണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നത്. 24,970 പോളിംഗ് സ്റ്റേഷനുകളിലെ 1200 ബൂത്തുകൾ തീവ്രപ്രശ്‌നബാധിതമാണ്.

കണ്ണൂരിലെ 1857 ബൂത്തുകളിൽ 250 എണ്ണം തീവ്ര പ്രശ്‌നബാധിതമാണ്. 611ബൂത്തുകളിൽ അതീവജാഗ്രത വേണം. 39 ബൂത്തുകൾ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലയിലാണ്. വയനാട്ടിൽ 98ഉം കൊല്ലത്ത് 85ഉം തിരുവനന്തപുരത്ത് 54ഉം കാസർകോട്ട് 422ഉം തീവ്ര പ്രശ്‌നബാധിത ബൂത്തുകളുണ്ട്. പാലക്കാട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാവോയിസ്റ്റ് ആക്രമണഭീഷണിയുമുണ്ട്.

പതിനായിരം സ്‌പെഷ്യൽ പൊലീസിനെ നിയോഗിക്കാൻ കേന്ദ്രകമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. വിമുക്ത ഭടന്മാർ, വിരമിച്ച പൊലീസുകാർ എന്നിവരെയാവും സ്‌പെഷ്യൽ പൊലീസായി നിയമിക്കുക. രണ്ടായിരത്തിലധികം എക്സൈസ്, ഫോറസ്റ്റ്, ഹോംഗാർഡ് ഉദ്യോഗസ്ഥർ എന്നിവരെയും സുരക്ഷയ്‌ക്കായി നിയോഗിക്കും. 100 കോടിയിലേറെയാണ് സുരക്ഷാചെലവ്.

വിന്യാസം ഇങ്ങനെ

1. അതിതീവ്രം : അതീവപ്രശ്‌ന സാദ്ധ്യതയെന്ന്‌ കണക്കാക്കുന്ന എ-വിഭാഗത്തിൽ ഒാരോ ബൂത്തിലും നാല് കേന്ദ്രസേനാംഗങ്ങൾ

2. തീവ്രം : ബി-വിഭാഗത്തിലുള്ള തീവ്രപ്രശ്‌ന ബാധിതമായ ബൂത്തുകളിൽ രണ്ട് കേന്ദ്രസേനാംഗങ്ങളും അധികം പൊലീസും

3. പ്രശ്‌നം : ഓരോ കേന്ദ്രസേനാംഗം. വീഡിയോഗ്രാഫി, വെബ്‌കാസ്റ്റിംഗ്‌, ഹോട്ട്‌ലൈൻ, വയർലെസ്, എന്നിവയുണ്ടാവും

'കണ്ണൂരിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് സംവിധാനം ഒരുക്കും. തീവ്ര പ്രശ്‌നബാധിത, പ്രശ്‌നസാദ്ധ്യതാ ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെയും നിയോഗിക്കും".

- ടീക്കാറാം മീണ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ