ചെന്നൈ: തമിഴ്നാട്ടിൽ വളരെ കൂളായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഒരാളെ കണ്ടു. ദയാനിധി മാരൻ! മുൻ കേന്ദ്രമന്ത്രിയായ മാരൻ പ്രചാരണത്തിനെത്തുന്നതും പാന്റ്സും ഷർട്ടുമൊക്കെ ധരിച്ച് എക്സിക്യൂട്ടീവ് സ്റ്റൈലിലാണ്. മറ്റുള്ള സ്ഥാനാർത്ഥികളെപ്പോലെ അമിത പ്രകടനങ്ങളൊന്നുമില്ല. മുമ്പ് രണ്ടു തവണ ജയിച്ച ചെന്നൈ സെൻട്രൽ മണ്ഡലത്തിൽ കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെയോട് അമ്പതിനായിരത്തോളം വോട്ടിന് പൊട്ടിയതിന്റെ കരുതലും ഇല്ല. ഇത്തവണ പെട്ടിപൊട്ടിക്കുമ്പോൾ സെൻട്രൽ സീറ്റ് ഡി.എം.കെ നേടുമെന്ന ഉറച്ച വിശ്വാസത്തിലാണദ്ദേഹം.
മുമ്പ് കേന്ദ്രമന്ത്രിയായിരുന്നപ്പോൾ തമിഴ്നാട്ടിൽ പുതിയ വ്യവസായ സംരംഭങ്ങൾ കൊണ്ടുവന്നത് എണ്ണിപ്പറഞ്ഞാണ് ഡി.എം.കെ പ്രവർത്തകർ ദയാനിധിമാരനു വേണ്ടി വോട്ടുപിടിക്കുന്നത്. ഉങ്കൾവീട്ടു പിള്ളൈ, ഉങ്കൾ നാടെ തേടി, ഉങ്കൾ ഇദയം തേടി വന്തുകൊണ്ടിരിക്കിറേൻ.... അനൗൺസ്‌മെന്റ് ചെയ്യുന്നയാളും ആവേശത്തിലാണ്. പിന്നാലെ തുറന്ന വാഹനത്തിൽ സായാഹ്നത്തിന്റെ വെയിലേറ്റ് ചുവന്നു തുടുത്ത മുഖവുമായി ദയാനിധിമാരൻ കൈവീശി നീങ്ങുന്നു. വാഹനം അപ്പോളോ ആശുപത്രിക്ക് സമീപത്തെ ഗുലാം അബ്ബാസ് അലിഖാൻ സ്ട്രീറ്റിലേക്ക് തിരിഞ്ഞു. തിരക്കുള്ള തെരുവ്. ഫ്ളാറ്റുകളുടെ മുകളിലേക്ക് നോക്കി ദയാനിധി കൈവീശുന്നുണ്ട്.
സ്ത്രീകൾ തലയ്ക്കുഴിയാനായി അരത്തവെള്ളവും കർപ്പൂരവും അണിയിക്കാനായി ഷാളുമായി കാത്തിരിക്കുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങണമെന്ന പ്രവർത്തകരുടെ അഭ്യർത്ഥന പക്ഷേ, ദയാനിധിമാരൻ ചെവിക്കൊണ്ടില്ല. വണ്ടി മുന്നോട്ടു പോകട്ടെ എന്ന് ആംഗ്യം കാണിച്ചു. ഇടയ്ക്ക് ഒന്നിറങ്ങിയത് പാർട്ടി ഓഫീസിൽ മാത്രം.
അണ്ണാ ഡി.എം.കെ- ബി.ജെ.പി മുന്നണിയിൽ പെട്ടെ പി.എം.കെയിലെ സാംപോളാണ് ഇവിടെ മുഖ്യഎതിരാളി. അറിയപ്പെടുന്ന വ്യവസായിയാണ് സാം പോൾ.