ആറ്റിങ്ങൽ: വിദേശ പണമിsപാട് സ്ഥാപനങ്ങളിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി വിദേശ കറൻസികളും ഇന്ത്യൻ രൂപയും മോഷണം നടത്തിയ ഇറാനിയൻ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. സെറാജുദീൻ ഹൈദർ (57), ഭാര്യ ഹെൻഡാരി ഹൊസ്‌ന (53) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ - ചിറയിൻകീഴ് റോഡിൽ സുനിൽകുമാറിന്റെ വി.എസ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 സെപ്തംബറിൽ 1.55 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ സൗദി റിയാലും കുവൈറ്റ് ദിനാറും മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസിന് വിദേശികളുടെ ചിത്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എയർപോർട്ടിന് സമീപത്തും റെയിൽവേ സ്‌റ്റേഷനുകളിലും ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പതിക്കുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ഇവർ എറണാകുളം, അങ്കമാലി മേഖലയിലെത്തിയതായി ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം റൂറൽ ഷാഡോ ടീം അങ്കമാലി പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ താമസിക്കുന്ന ഹോട്ടൽ മനസിലാക്കി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് പ്രവർത്തിക്കുന്ന ബെന്നി വർഗീസ് എന്നയാളിന്റെ ലാവണ്യ ഷോപ്പിംഗ് സെന്ററിൽ നിന്നും സമാനമായ രീതിയിൽ രണ്ടരലക്ഷം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള സൗദി റിയാൽ 2017 ഒക്ടോബറിൽ മോഷണം പോയിരുന്നു. ആറ്റിങ്ങലിൽ മോഷണം നടത്തിയ മുഖ്യപ്രതി സെറാജുദീൻ ഹൈദറും ഇയാളുടെ മറ്റൊരു സുഹൃത്തുമായിരുന്നു ഇതിന് പിന്നിൽ. കോതമംഗലം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ ഭാര്യ ഹെൻഡാരി ഹൊസ്‌നയെ ആറ്റിങ്ങൽ പൊലീസ് ഇവിടെയെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സെറാജുദ്ദീനെയും ആറ്റിങ്ങലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന അനിൽ കുമാറിന്റെ പിക്‌സൽ ഗ്രാഫിക്‌സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 മേയിൽ 30,000 ഇന്ത്യൻ രൂപയോളം മൂല്യമുള്ള അമേരിക്കൽ ഡോളർ മോഷ്ടിച്ചതും, കിളിമാനൂർ കാരേറ്റിൽ മണിമുറ്റത്ത് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നു 58,000 ഇന്ത്യൻ രൂപ മോഷ്ടിച്ചതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കോതമംഗലം, ആറ്റിങ്ങൽ കോടതികളിൽ ഹാജരാക്കിയ പ്രതികളെ മൂവാറ്റുപുഴ, അട്ടക്കുളങ്ങര ജയിലുകളിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ സിബിച്ചൻ ജോസഫ്, എസ്.ഐ മാരായ ശ്യാം, ബാലകൃഷ്ണൻ ആശാരി, എ.എസ്.ഐ പ്രദീപ്, ഷാഡോ ടീമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബി. ദിലീപ്, മഹേഷ്, ഷിനോദ്, ഉദയകുമാർ, വനിത സി.പി.ഒ സഫീജ എന്നിവരാണ് പ്രതികളെ പിടികൂടിയത്.