ശിവഗിരി : ശാരദാപ്രതിഷ്ഠയുടെ 107-ാമത് വാർഷികവും 57-ാമത് ശ്രീനാരായണധർമ്മ മീമാംസാ പരിഷത്തും 18, 19, 20 തീയതികളിൽ ശിവഗിരിയിൽ നടക്കും. പരിഷത്തിന് തുടക്കം കുറിച്ച് ശിവഗിരിയിൽ ഉയർത്താനുള്ള ധർമ്മപതാക, കൊടിക്കയർ എന്നിവയുടെ രഥഘോഷയാത്ര ഇന്ന് രാവിലെ 9.30ന് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ നിന്ന് പ്രയാണം ആരംഭിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സഭയുടെ കേന്ദ്ര ജില്ലാ ഭാരവാഹികൾ, കോലത്തുകര ക്ഷേത്രഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. നൂറ്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, പെരുങ്ങുഴി, ചിറയിൻകീഴ്, കടയ്‌ക്കാവൂർ, നിലയ്‌ക്കാമുക്ക്, വക്കം, അകത്തുമുറി, വെട്ടൂർ, മരക്കടമുക്ക്, എസ്.എൻ മിഷൻ ആശുപത്രി ജംഗ്ഷൻ വഴി വൈകിട്ട് ആറിന് ഘോഷയാത്ര ശിവഗിരിലെത്തും. 18ന് രാവിലെ സ്വാമി പ്രകാശാനന്ദ പതാക ഉയർത്തുന്നതോടെ ശാരദാ പ്രതിഷ്ഠാ വാർഷികത്തിനും ധർമ്മമീമാംസാ പരിഷത്തിനും തുടക്കമാവും.