desheeyapathayile-kuzhi

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗങ്ങളിൽ രൂപപ്പെട്ട വലുതും ചെറുതുമായ കുഴികൾ ബൈക്ക് യാത്രികർ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയായിട്ടും നടപടിയില്ലെന്ന് പരാതി. പകലും രാത്രിയിലും ഒരുപോലെ കുഴികളിൽപ്പെട്ട് വാഹനങ്ങളുടെ നിയന്ത്രണം തെറ്റിയുള്ള അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെയാണ് പറകുന്ന്‍ ആനാംപൊയ്ക സ്വദേശി രാധാകൃഷ്ണൻ ബൈക്കിൽ സഞ്ചരിക്കവേ ഇരുപത്തെട്ടാം മൈലിന് സമീപത്തെ കുഴിയിൽ തെന്നി വീണ് കാലിന് പരുക്കേറ്റത്. രണ്ട് ദിവസത്തിന് മുൻപ് രാത്രി തട്ടുപാലത്തെ കുഴിയിൽ വീണ് ബൈക്ക് യാത്രികരായ ദമ്പതികൾക്കും പരുക്കേറ്റിരുന്നു. റോഡിൽ വീണ ഇവരെ ബസ് കാത്തു നിന്നവരാണ് രക്ഷപ്പെടുത്തിയത്. ചെറിയ കുഴികൾ വലിയ കുഴികളായി രൂപപ്പെട്ടു വരുന്നതോടെ അപകടങ്ങളുടെ തീവ്രതയും കൂടുന്നു. റോഡിൽ രൂപപ്പെട്ട കുഴികളടയ്ക്കുകയോ റീടാറിംഗ് ചെയ്യുകയോ വേണമെന്നാവശ്യം ശക്തമാണ്.