flight
പൈപ്പർ പി.എ -34 ഇരട്ട എൻജിൻ വിമാനം

തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജീവനുമായി ആംബുലൻസ് മംഗലാപുരത്തു നിന്ന് പായുമ്പോഴാണ് കേരളത്തിന്റെ സ്വന്തം എയർ ആംബുലൻസിനെക്കുറിച്ച് നാട് ഓർത്തത്. ഏഴു കോടി മുടക്കി എയർ ആംബുലൻസിനായി സംസ്ഥാന സർക്കാർ അമേരിക്കയിൽ നിന്ന് വാങ്ങിയ വിമാനം ഇപ്പോൾ ഷെഡിലാണ്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനും എയർ ആംബുലൻസിനുമായാണ് 2014ൽ കെ.ബി. ഗണേശ്‌കുമാർ മന്ത്രിയായിരുന്നപ്പോൾ ദുരന്തനിവാരണ അതോറിട്ടിയുടെ ഫണ്ടുപയോഗിച്ച് ആറുപേർക്ക് യാത്രചെയ്യാവുന്ന പൈപ്പർ പി.എ -34 ഇരട്ട എൻജിൻ വിമാനം വാങ്ങിയത്. മണിക്കൂറിൽ 378 കിലോമീറ്റർ വേഗതയിൽ പറക്കാനാവുന്ന വിമാനം 2014 ആഗസ്റ്റിൽ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി അക്കാഡമിയിലെത്തിച്ചു. എന്നാൽ ഇതേ ഇനത്തിലുള്ള വിമാനത്തിൽ 200 മണിക്കൂർ പ്രവൃത്തിപരിചയമുള്ള മുഖ്യപൈലറ്റുണ്ടാകണം എന്നാണ് നിർമ്മാതാക്കളായ പൈപ്പർ എയർക്രാഫ്‌ടിന്റെ സുരക്ഷാനിർദ്ദേശം. 3,000 മണിക്കൂർ വിമാനം പറത്തി പരിചയവും ഇരട്ട എൻജിൻ വിമാനത്തിൽ 100 മണിക്കൂർ പ്രവൃത്തി പരിചയവുമുള്ള പൈലറ്റിനു മാത്രമേ മുഖ്യപൈലറ്റാകാൻ സിവിൽ വ്യോമയാന ഡയറക്‌ടർ അനുവദിക്കൂ.

ഇതൊന്നും കണക്കിലെടുക്കാതെ ഇരട്ടഎൻജിൻ വിമാനത്തിൽ പറന്ന് പരിചയമില്ലാത്തയാളെ 2015ൽ മുഖ്യവൈമാനികനായി നിയമിച്ചത് വിവാദമായി. എന്നാൽ യോഗ്യതയില്ലാത്ത പരിശീലകനായതിനാൽ വിമാനം പുറത്തിറക്കാനായിട്ടില്ല. ഇതിനിടെ 2015ൽ ശസ്ത്രക്രിയയ്‌ക്ക് ഹൃദയവുമായി കൊച്ചിയിലേക്ക് പറക്കാൻ വിമാനത്തെ പരിഗണിച്ചെങ്കിലും വൈമാനികരില്ലെന്നു പറഞ്ഞ് അധികൃതർ കൈമലർത്തി.

വിമാനത്താവളത്തിലെ ഏപ്രണിൽ നശിക്കുകയായിരുന്ന വിമാനം വിവാദമായതോടെ എയർഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റി. എന്നാൽ ഹാംഗറിന്റെ പുറത്തിറക്കാനുള്ള ടാക്‌സിവേ നിർമ്മിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ അധികൃതർക്കായിട്ടില്ല. വിമാനം ഷെഡിലുറങ്ങുന്ന വാർത്ത വിവാദമായതോടെ പൈപ്പർ പി.എ-34 ഇരട്ട എൻജിൻ വിമാനവും പൈലറ്റ് പരിശീലനത്തിനുള്ള നാല് സെസ്‌ന വിമാനങ്ങളും എയർ ആംബുലൻസായി ഉപയോഗിക്കാൻ രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്നോളജിയുമായി സർക്കാർ കരാറൊപ്പിട്ടു. ഇതിനായി അഞ്ച് കോടി നീക്കിവച്ചു. എന്നാൽ പദ്ധതി പിന്നീട് മുന്നോട്ട് പോയില്ല. നിലവിൽ വിമാനം പരിശീലനത്തിനായി ഉപയോഗിക്കുകയാണ്. രണ്ടായിരത്തിലേറെ പോർ സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അവയവ മാറ്റത്തിനായി കാത്തിരിക്കുമ്പോഴാണ് എയർ ആംബുലൻസ് ഷെഡിലുറങ്ങുന്നത്.