കിളിമാനൂർ: സംസ്ഥാന പാതകൾക്കും ജില്ലാ പാതകൾക്കും അരികെ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ള ഓടകൾ നോക്കുകുത്തിയായതോടെ ഓടകളിലൂടെ ഒഴുകേണ്ട വെള്ളം റോഡുകളിലൂടെ പാഞ്ഞ് റോഡും, കച്ചവട സ്ഥാപനങ്ങളും മാലിന്യ കൂമ്പാരമാകുന്നു. കഴിഞ്ഞ ദിവസം ചെയ്ത വേനൽ മഴയിൽ പൊട്ടി പൊളിഞ്ഞ ഓടകൾക്ക് ഇടയിലൂടെ പ്രദേശത്തെ മാലിന്യങ്ങൾ എല്ലാം റോഡിൽ കുന്നുകൂടി. കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡുകൾ പോലും അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം കനത്ത മഴയിൽ തകരുകയാണ്.കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ കോടികണക്കിന് രൂപ ചെലവിട്ടാണ് എം.സി റോഡ് നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി റോഡരികിൽ ഓടകളുടെ നിർമ്മാണവും നടന്നിരുന്നു. രണ്ടടി പോലും വീതിയില്ലാത്ത ഓടകൾ സ്ലാബിട്ട് മൂടാതെയാണ് പലയിടത്തും നിർമ്മിച്ചത്. പല ഭാഗങ്ങളിലും കുന്നുകളോട് ചേർന്ന് നിർമ്മിച്ച ഓടകളിൽ മണ്ണിടിഞ്ഞ് ഓട മൂടി. സ്വകാര്യ വ്യക്തികൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഓടകൾ മൂടി വഴി ഉണ്ടാക്കിയത് ഓടകളിലെ ജലം ഒഴുക്ക് നിലയ്ക്കുന്നതിന് കാരണമായി.
ജില്ലയിലെ പ്രധാന റോഡായ കിളിമാനൂർ -ആലംകോട് റോഡിൽ ഓടകൾ പൊട്ടിപൊളിഞ്ഞിട് കാലം ഏറെയായി. കേരള കൗമുദി ഉൾപ്പെടെയുള്ള പത്രമാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഓട വൃത്തിയാക്കാൻ പി.ഡബ്ല്യ.ഡി കരാറുകാരെ ഏൽപ്പിച്ചു. ഇവർ സ്ലാബ് ഇളക്കി മണ്ണ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കോരി ഓടക്കരുകിലാണ് നിക്ഷേപിച്ചത്. ഇത് മഴ പെയ്യുന്നതോടെ വിണ്ടും ഓടകളിലേക്ക് പതിക്കും.വേനൽ കഴിഞ്ഞ് മഴ ശക്തമാകുന്നതോടെ ഇവിടുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും, റോഡിലേക്കും ഓടകളിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകിയെത്തും. കിളിമാനൂർ ഡൗണിൽ ആലംകോട് റോഡിൽ ഇരുവശത്തും ഓടകൾ നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്.