തിരുവനന്തപുരം: ശബരിമല വിഷയം വോട്ടാക്കി മാറ്റാനുള്ള ബി.ജെ.പിയുടെ അവസാനഘട്ട നീക്കത്തിന് മൂർച്ച കൂട്ടി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ ഇന്നലെ അരങ്ങിലെത്തിയപ്പോൾ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുൽ ഗാന്ധി സി.പി.എമ്മിനെ ഒന്ന് ഞൊട്ടുകപോലും ചെയ്യാതെ ബി.ജെ.പിയെ അടിമുടി കടന്നാക്രമിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് കേരളത്തിൽ മൂന്ന് ദിനവും ഒരു പകലും ശേഷിക്കെ, ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്ത് പയറ്റി വിജയം ഉറപ്പിക്കാനുള്ള മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും പരിശ്രമങ്ങളെ ജ്വലിപ്പിക്കുന്നതായി ഇരുവരുടെയും പ്രസംഗങ്ങൾ.
കേരളത്തിൽ ഇന്നലെ നാല് യോഗങ്ങളിലാണ് രാഹുൽ സംസാരിച്ചത്. പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും ഒടുവിൽ തിരുവനന്തപുരത്തും. രാഹുലിന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ മോദി, പിണറായി സർക്കാരുകളെ പ്രതിക്കൂട്ടിൽ നിറുത്താൻ വെമ്പൽ കൊണ്ടപ്പോൾ, രാഹുൽ സി.പി.എമ്മിന്റെ കാര്യത്തിൽ മിതത്വം പാലിച്ചു. കൊല്ലത്തെ കശുഅണ്ടി തൊഴിലാളികളുടെ ദുരിത ജീവിതത്തെ കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് വിമർശിച്ച രാഹുൽ, അവിടെയും സംസ്ഥാന സർക്കാരിന്റെ കർത്തവ്യത്തെക്കുറിച്ച് മിണ്ടിയില്ല. വയനാട്ടിലെ സ്ഥാനാർത്ഥിത്വം കേരളം നൽകുന്ന ആദരവിനുമുള്ള തെളിവാണെന്ന് ആവർത്തിച്ച രാഹുൽ, വിമർശനങ്ങളിൽ ഉന്നം വച്ചത് ബി.ജെ.പിയെ മാത്രമാണ്. പ്രളയക്കെടുതികൾക്ക് ഇരയായവർക്ക് സംസ്ഥാന സർക്കാർ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണമെന്ന രാഹുലിന്റെ ആവശ്യത്തിലും സർക്കാർ വീഴ്ച വരുത്തിയതായി വിമർശനമില്ല. കേരളത്തിലെ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ പിണറായി സർക്കാരിനെതിരെ ആയുധമാക്കിയ അമിക്കസ് ക്യൂറി റിപ്പോർട്ടിനെക്കുറിച്ചും മിണ്ടിയില്ല. ശബരിമല ഉൾപ്പെടുന്ന മണ്ഡലമായ പത്തനംതിട്ടയിലെ പ്രസംഗത്തിലും സി.പി.എമ്മിനെ നോവിക്കാതെ പരോക്ഷമായാണ് നിലപാട് വ്യക്തമാക്കിയത്. വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും വിശ്വാസികൾക്ക് ഒപ്പമുള്ള കോൺഗ്രസ് ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസ് രാജ്യത്തോട് ചെയ്ത ദ്രോഹമൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെന്നുകൂടി രാഹുൽ പറഞ്ഞു.
എന്നാൽ, പ്രധാനമന്ത്രി മോദി കേരളത്തിൽ പൊതിഞ്ഞു പറഞ്ഞ ശബരിമല വിഷയം അമിത് ഷാ തുറന്നു വീശുകയായിരുന്നു. ശബരിമലയെയും വിശ്വാസത്തെയും ആചാരങ്ങളെയും തകർക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്ര് സർക്കാർ ശ്രമിക്കുന്നുവെന്നായിരുന്നു തൃശൂരിലും അങ്കമാലിയിലും അമിത്ഷാ പറഞ്ഞത്.
സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ വിശ്വാസികളെ ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയുമാണ് സർക്കാർ ചെയ്തത്. വിശ്വാസ സംരക്ഷണത്തിന് ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നും അമിത്ഷാ പ്രഖ്യാപിച്ചു.