തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടി വീണതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ പറഞ്ഞു. സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുത എല്ലാവരും അറിയണം. പിന്നിൽ വേറെ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നൊക്കെ കണ്ടുപിടിക്കണമെന്നും ആശുപത്രി വിട്ട ശേഷം അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താൻ ആദ്യമായാണ് കേൾക്കുന്നതെന്നാണ് 83കാരിയായ എന്റെ അമ്മ പറഞ്ഞത്. നാളെ മറ്റൊരാൾക്ക് ഇത്തരം അപകടം സംഭവിച്ചാലോ, അതിനാൽ അന്വേഷണം നടത്തുന്നതാണ് നല്ലത് - തരൂർ പറഞ്ഞു.
നിർമ്മല സീതാരാമൻ സന്ദർശിച്ചു
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്തെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ ശശി തരൂരിനെ ആശുപത്രിയിൽ സന്ദർശിച്ചു. അഞ്ച് മിനിട്ടോളം ആശുപത്രിയിൽ അവർ ചിലവിട്ടു. തിരക്കുപിടിച്ച പ്രചാരണ പരിപാടിക്കിടെ തന്നെ കാണാനെത്തിയ മന്ത്രിയുടെ നടപടി തന്നെ സ്‌പർശിച്ചുവെന്നും മര്യാദ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവ്വമാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.