athira

പാറശാല: ഉദിയൻകുളങ്ങരയിൽ ബി.ജെ.പി ബൂത്ത് ഓഫീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വൃദ്ധനും ചെറുമകളെയും സി.പി.എം നേതാവ് മർദ്ദിച്ചെന്ന് പരാതി. ഉദിയൻകുളങ്ങര എള്ളുവിള കടയാറ പുത്തൻവീട്ടിൽ വേലപ്പൻ (69), ചെറുമകൾ ആതിര.എ.ആർ (16) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 11ന് ഉദിയൻകുളങ്ങര ജംഗ്ഷനിലാണ് സംഭവം. വേലപ്പന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിലെ മുകളിലത്തെ ഒരു മുറി ബി.ജെ.പിയുടെ ബൂത്ത് ഓഫീസ് ആരംഭിക്കാൻ നൽകി. ഇതനുസരിച്ച് ബി.ജെ.പി പ്രവർത്തകർ ഫ്ലക്‌സ് ബോർഡുകളും കൊടികളും കൊണ്ടുവന്നപ്പോൾ എതിർപ്പുമായി സി.പി.എം പ്രവർത്തകരെത്തി. ഇവർ ബൂത്ത് ഓഫീസ് തുടങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ തർക്കമായി. ഇതിനിടെയാണ് വേലപ്പനെ സി.പി.എം നേതാവ് ബൈജു മർദ്ദിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മകൻ അനിവേലപ്പനും മർദ്ദനമേറ്റു. അച്ഛനെയും മുത്തച്ഛനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആതിരയ്‌ക്ക് മർദ്ദനമേറ്റത്. ആതിരയുടെ കാൽമുട്ടിന് ഒടിവുണ്ട്. സംഭവത്തിൽ ബൈജുവിനെതിരെ പാറശാല പൊലീസ് കേസെടുത്തു. ആതിരയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കേസ് പിൻവലിക്കണമെന്ന് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു.