v

കടയ്ക്കാവൂർ: കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായി ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പിടികിട്ടാപ്പുളളി ‌ഏഴു വർഷത്തിന് ശേഷം കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. അഞ്ചുതെങ്ങ് പുത്തൻനടയ്ക്ക് സമീപം ഗോപാലകൃഷ്ണ മന്ദിരത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന ഗോപകുമാറാണ് (41) പൊലീസിന്റെ പിടിയിലായത്. കടയ്ക്കാവൂർ ഇൻസ്പെക്ടർ എസ്. ഷെരീഫ്, എസ്.ഐ. ഹബീബ് റാവുത്തർ, എസ്.സി.പി.ഒ. മാരായ ഡീൻ, ബിനോജ്, മഹേഷ്, ജയകൃഷ്ണൻ, എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

2012 ജൂൺ 26 ന‌് വെയ്ലൂർ, മംഗലാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോഴിമട ശസ്താക്ഷേത്രത്തിന് സമീപം ഗോപകുമാർ എന്നയാളെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ കേസിലെ ഒന്നാം പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം

ഒളിവിൽ പോകുകയായിരുന്നു. സമൻസും വാറണ്ടും പുറപെടുവിച്ചിട്ടും പിടികിട്ടാത്തതിനാൽ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ 2011ൽ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്ത കൂട്ടക്കവർച്ച കേസിൽ എൽ. പി വാറണ്ടുളള ഗോപകുമാറിനെ കടയ്ക്കാവൂർ പൊലീസും അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയിൽ അഞ്ചുതെങ്ങിൽ ഇയാൾ പലപ്പോഴും വന്ന് പോകുന്നെന്ന വിവരത്തെ തുടർന്ന് കടയ്ക്കാവൂർ പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ചിറയിൻകീഴിലെ ഒളിത്താവളത്തിൽ നിന്നും ഇയാൾ പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.