പൂവാർ: തിരുപുറം എക്‌സൈസ് ഓഫീസിന് പുതിയ മന്ദിരം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നല്ലൊരു വഴിയോ, മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കെട്ടിടത്തിനില്ലന്നതാണ് നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത്. തിരുപുറം പഞ്ചായത്തിൽ മാത്രമല്ല ഈ എക്സൈസ് ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ പഞ്ചായത്തുകളിലും അപേക്ഷ നൽകിയിട്ടും ആരും ആവശ്യം പരിഗണിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. തിരുപുറം, കാഞ്ഞിരംകുളം, അതിയന്നൂർ, കരുംകുളം, പൂവാർ, കുളത്തൂർ, കാരോട് പഞ്ചായത്ത് പ്രദേശങ്ങളാണ് തിരുപുറം എക്സൈസ് ഓഫീസിന്റെ പ്രവർത്തന പരിധി. പൊഴിയൂർ, പൂവാർ, കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനുകൾ ഈ പരിധിക്കുള്ളിലാണ് പ്രവർത്തിക്കുന്നത്. പൂവാർ, മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റുകൾ തിരുപുറം എക്സൈസിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
ഉദ്യോഗസ്ഥർ നട്ടംതിരിയുമ്പോൾ ലഹരി വില്പന സജീവം
2017 ജൂൺ മുതൽ 2019 മാർച്ച് വരെ 26 കഞ്ചാവ് കടത്ത് കേസുകളാണ് പിടിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും 23 ടൂവീലറുളും ഒരു ആട്ടോറിക്ഷയും പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ ഡി.വിജയകുമാർ പറഞ്ഞു. പിടിക്കപ്പെട്ടവരിൽ ഏറെയും 15 നും 20നും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്നത് ശ്രദ്ധിക്കേണ്ടത്. ചെക് പോസ്റ്റുകൾ വെട്ടിച്ച് റോഡ് മാർഗ്ഗം ടൂവീലറുകളിലൂടെ ധാരാളം കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കടത്തുന്ന സംഘങ്ങൾ തീരദേശം കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഫല പ്രധമായ രീതിയിൽ ഇവയെ അമർച്ച ചെയ്യാൻ വേണ്ടുന്ന സാഹചര്യമല്ല തിരുപുറം ഓഫീസിനുള്ളത്. ആകെ 19 ജീവനക്കാരാണ് ഇപ്പോഴുള്ളത്. ഇവരിൽ 3 വനിത എക്സൈസ് പ്രിവന്റീവ് ഓഫീസർമാരാണ്. റെയ്ഡിനും, ചെക് പോസ്റ്റ് ഡ്യൂട്ടിക്കും ആൾക്കാരെ വിന്യസിക്കുക തന്നെ പ്രയാസകരമാണ്. ആവശ്യത്തിന് ജീവനക്കാരില്ലന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ അധ്യായന വർഷം സ്കൂളുകൾ, ഹെൽത്ത് ക്ലബ്ബുകൾ, യൂത്ത് സംഘടനകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം ക്യാമ്പയിനുകൾ ഗുണമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.