തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചമാത്രം ശേഷിക്കെയുണ്ടായ അപകടം യു.ഡി.എഫ്.സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോയെന്ന് പാർട്ടിക്ക് ആശങ്ക. തലയിലെ പരിക്ക് ഗുരുതരമല്ലെങ്കിലും അദ്ദേഹത്തിന് നാല് ദിവസം നിർബന്ധിത വിശ്രമത്തിന് വിധിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇപ്പോൾ തന്നെ രണ്ടുദിവസത്തെ പര്യടനം മുടങ്ങി. ഇന്നലെ നടത്താനിരുന്ന വനിതാകൂട്ടായ്മയും ടെക്നോപാർക്കിലെ യുവ വോട്ടർമാരുമായുള്ള ആശയസംവാദവും ഉപേക്ഷിക്കേണ്ടിവന്നു. ഇന്നും പ്രചാരണത്തിൽ സജീവമാകില്ല. ഏതാനും ചെറുയോഗങ്ങളിൽ മാത്രമായിരിക്കും അദ്ദേഹം പങ്കെടുക്കുക.
എതിർസ്ഥാനാർത്ഥിയാണെങ്കിലും തരൂരിനുണ്ടായ അപകടത്തിൽ വിഷമമുണ്ടെന്നും പ്രചാരണത്തിൽ പിന്നിലാകുമെന്ന ആശങ്ക വേണ്ടെന്നും ഇടതുസ്ഥാനാർത്ഥി സി. ദിവാകരൻ ഫോണിൽ തരൂരിനെ അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയും അപകടമുണ്ടായ ഉടനെ തരൂരിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്ത് അവസാനനിമിഷങ്ങളിൽ ഏതാനും ദിവസങ്ങൾ നഷ്ടപ്പെടുന്നത് ദുരന്തമായാണ് തിരഞ്ഞെടുപ്പ് മാനേജർമാർ കാണുന്നത്. ഞായറാഴ്ച പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ അഞ്ച് ദിവസമാണ് പ്രചാരണത്തിന് ഇനിയുള്ളത്. ഇതിൽ രണ്ടുദിവസം നഷ്ടപ്പെട്ടാൽ തരൂരിന് മണ്ഡലപര്യടനത്തിന് കിട്ടുക മൂന്ന് ദിവസമായിരിക്കും. 20ന് എ.കെ.ആന്റണി പര്യടനത്തിനെത്തുന്നുണ്ട്. അത് മാറ്റിനിറുത്തിയാൽ രണ്ടു ദിവസമായിരിക്കും തരൂരിന് ഇനി പര്യടനത്തിന് കിട്ടുക. അതാണ് കോൺഗ്രസിനെ അലട്ടുന്നത്.
നിർമ്മലാസീതാരാമൻ
റോഡ് ഷോ നടത്തി
ഒാഖി സമയത്ത് തീരദേശങ്ങളിൽ കേന്ദ്രമന്ത്രി നിർമ്മലാസീതാരാമന് കിട്ടിയ വൻ സ്വീകരണം കണക്കിലെടുത്ത് ഇന്നലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് വേണ്ടി കേന്ദ്രമന്ത്രി തീരദേശത്ത് റോഡ് ഷോ നടത്തി. ബിമാപള്ളിയിലും പൂന്തുറയിലും പൂവാറിലും പ്രചാരണവും നടത്തി. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കുമ്മനത്തിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റാലിയിൽ സംസാരിക്കുന്നുണ്ട്.
സി.ദിവാകരൻ മൂന്നാംവട്ട പര്യടനം പൂർത്തിയാക്കി
ഇടതുമുന്നണി സ്ഥാനാർത്ഥി സി.ദിവാകരൻ എല്ലാമണ്ഡലങ്ങളിലും മൂന്നാംവട്ട പര്യടനവും പൂർത്തിയാക്കി. തീരദേശമേഖലകളിൽ പ്രധാനകേന്ദ്രങ്ങളിൽ പര്യടനം നടത്താനാണ് അടുത്തദിവസങ്ങൾ വിനിയോഗിക്കുക. കോവളത്ത് നിർണായക സ്വാധീനമുള്ള മുൻമന്ത്രി നീലലോഹിതദാസൻനാടാരും മുൻ എം.എൽ.എ ജമീലപ്രകാശവും പര്യടനത്തിന് ഒപ്പം ചേരും. ഇൗസ്റ്റർ ആഘോഷങ്ങൾ ഞായറാഴ്ച നടക്കുന്നതിനാൽ അടുത്തദിവസങ്ങളിൽ സ്ഥാനാർത്ഥികളെല്ലാം തീരദേശങ്ങളിലായിരിക്കും പ്രചാരണം കേന്ദ്രീകരിക്കുക.