jyothy

തിരുവനന്തപുരം: പത്താനാപുരത്തും തിരുവനന്തപുരത്തും പ്രചാരണ വേദികളിൽ രാഹുലിനെക്കാൾ സദസിനെ കൈയിലെടുത്തത് പരിഭാഷകയായ ജ്യോതിയെന്ന് പറയാതെ വയ്യ. ഒരൊറ്റ പ്രസംഗംകൊണ്ട് സാമൂഹിക മാദ്ധ്യമങ്ങളിലാകെ വൈറലാണ് ജ്യോതി. രാഹുലിന്റെ പ്രസംഗത്തിന്റെ വീര്യം ഒട്ടും ചോരാതെയായിരുന്നു ജ്യോതിയുടെ പരിഭാഷ.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന വിജയകുമാറിന്റെയും രാധികയുടെയും മകൾ. അഭിഭാഷക. ജ്യോതിയുടെ പ്രസംഗപരിഭാഷയ്‌ക്ക് ഊറ്റം കൂടാൻ കാരണമുണ്ട്: പാർട്ടി ജീവവായുവാണ് ജ്യോതിക്ക്. ചെങ്ങന്നൂർ സെന്റ്. ആൻസ് ഗേൾസ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം മാർ ഇവാനിയസിൽ പ്രീ ഡിഗ്രിയും ഇംഗീഷ് സാഹിത്യത്തിൽ ബിരുദവും. കേരള സർവവകലാശാലാ ഇംഗ്ലീഷ് ഇൻസ്റ്റ്യൂട്ടിൽ നിന്ന് ഇംഗ്ലീൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ജ്യോതി എൽ.എൽ.എം ബിരുദധാരിയാണ്. പിന്നെ, തിരുവനന്തപുരം പ്രസ് ക്ളബിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി.ജി ഡിപ്ലോമ. വഞ്ചിയൂർ കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്നതിനു പുറമേ തിരുവനന്തപുരം ഐ.എ.എസ് അക്കാഡമിയിൽ സോഷ്യോളജി അദ്ധ്യാപികയുമാണ് ജ്യോതി. ഐ.ബി.എമ്മിൽ ഉദ്യോഗസ്ഥനായ പാരിയാണ് ഭർത്താവ്. മകൻ ഗോവർദ്ധൻ.

കോളേജ് കാലംതൊട്ടേ കെ.എസ്.യുവിൽ സജീവമായ ജ്യോതി മാർ ഇവാനിയസിലെ ആദ്യ വനിതാ യൂണിയൻ ചെയർപേഴ്സൺ ആണ്. സർവകലാശാലാ സെനറ്റ് അംഗമായിരുന്നു. ആറാം തവണയാണ് ജ്യോതി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നത്. തൃശൂരിൽ ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ രാഹുൽ ഇംഗ്ലീഷിലും ഹിന്ദിയിലും നടത്തിയ പ്രസംഗവും ലളിതമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്‌ത് ജ്യോതിയാണ്. ജ്യോതിയെ രാഹുൽ ഗാന്ധി അന്ന് അഭിനന്ദിക്കുകയും ചെയ്തു. 2016- ൽ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോഴും പരിഭാഷകയുടെ റോളിൽ ജ്യോതിയുണ്ടായിരുന്നു.