കാട്ടാക്കട: കാട്ടാക്കടയിൽ ആറ്റിങ്ങൽ പാർലമെന്റ് സ്ഥാനാർത്ഥി ഡോ.എ.സമ്പത്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടയിൽ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ നാമജപം ഉയർന്നു. അപ്രതീക്ഷിതമായി ഉച്ചഭാഷിണിയിലൂടെ കേട്ട നാമജപം മുഖ്യമന്ത്രി ശ്രദ്ധിക്കുകയും അസ്വസ്ഥനായി പ്രസംഗം നിർത്തുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന നേതാക്കളോട് എന്താണ് അങ്ങനൊരു പരിപാടിയെന്ന് ചോദിക്കുകയും ചെയ്തു.
സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമാണ് എന്ന് പറഞ്ഞ ശേഷം വേദിയിൽ ഇരുന്ന ഐ.ബി.സതീഷ്.എം.എൽ.എ, വി.ശിവൻകുട്ടി എന്നിവർ സംഭവം അന്വേഷിക്കാൻ വേദിയിൽ നിന്ന് ഇറങ്ങി. മുഖ്യമന്ത്രി പ്രസംഗം തുടർന്നു. പുറത്തെത്തിയ നേതാക്കൾ പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെ ചില പ്രവർത്തകർ ഉച്ചഭാഷിണിയിലെ വയറുകൾ പൊട്ടിച്ചു.
മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് രാവിലെ എട്ട് മുതൽ പന്ത്രണ്ട് വരെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നത് നിറുത്തിവയ്ക്കാൻ ക്ഷേത്ര ഭാരവാഹികളുമായി ധാരണയായിരുന്നു. ഇത് ലംഘിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ കാട്ടാൽ ദേവി ക്ഷേത്രത്തിൽ തോറ്റംപാട്ടിന് പകരം അയ്യപ്പ നാമജപം ഉണ്ടായത്. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചാണ് സമ്പത്തിന്റെ പ്രചാരണ പരിപാടി നടത്തിയതെന്നും ഐ.ബി.സതീഷ് അറിയിച്ചു.
അതേസമയം, പരിപാടിയുമായി ബന്ധപ്പെട്ട് ആരും തങ്ങളെ സമീപിക്കുകയോ ഉച്ചഭാഷിണിയുടെ കാര്യത്തിൽ ധാരണ ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും മനപ്പൂർവം സംഘർഷമുണ്ടാക്കാൻ സംഘാടകർ ശ്രമിച്ചതാണെന്നും ക്ഷേത്രം പ്രസിഡന്റ് സന്തോഷ് പറഞ്ഞു. നിയമപരമായ കാര്യങ്ങൾ പാലിച്ചാണ് ഉത്സവം നടത്തുന്നതെന്നും ക്ഷേത്ര പരിപാടികളുടെ ഭാഗമായാണ് നാമജപം നടന്നതെന്നും പ്രസിഡന്റ് അറിയിച്ചു.
എൽ.ഡി.എഫിന്റെ പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് ഇലക്ടറൽ ആഫീസർക്കും, ജില്ലാ വരണാധികാരിക്കും ഡി. ജി. പിക്കും ജില്ലാ പൊലീസ് മേധാവിക്കും ആറ്റിങ്ങൽ മണ്ഡലം ഇലക്‌ഷൻ കമ്മിറ്റി കൺവീനർ വി.ശിവൻകുട്ടി പരാതി നൽകി . ക്ഷേത്രം ഭാരവാഹികളും ഇലക്‌ഷൻ കമ്മിഷനും ജില്ലാ കളക്ടർക്കും പരാതി നൽകി.