വർക്കല: കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വെട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സി.പി.എം അംഗങ്ങളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു. ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. തീരദേശ പഞ്ചായത്തായ വെട്ടൂരിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ഇതിനെ തുടർന്ന് കിയോസ്ക്കുകൾ സ്ഥാപിച്ച് കുടിവെളളവിതരണം നടത്താൻ ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും ഇത് നടപ്പാക്കുന്നതിന് സെക്രട്ടറി ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഗ്രാമപഞ്ചായത്തിലെ സി.പി.എം അംഗങ്ങളായ എസ്. സുനിൽ, പി. ഗോപീന്ദ്രൻ, നാസിമുദ്ദീൻ, വി. റീന, ജെ. മീനാംബിക, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയെ തടഞ്ഞുവച്ചത്. ഗ്രാമപത്തിലെ 14 വാർഡുകളിലും 13 സ്ഥലങ്ങളിൽ കിയോസ്ക്കുകൾ സ്ഥാപിച്ച് അടുത്ത ദിവസം തന്നെ കുടിവെളള വിതരണം നടത്താമെന്ന ഉറപ്പിന്മേൽ ഒരു മണിയോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്. കുടിവെളള വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനിടെ രാഷ്ട്രീയ പ്രേരിതമായാണ് സി.പി.എം അംഗങ്ങൾ സെക്രട്ടറിയെ തടഞ്ഞുവച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസിംഹുസൈൻ പറഞ്ഞു. വാട്ടർ അതോറിട്ടി, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവരുടെ ഒരു സംയുക്തയോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്താണ് കുറ്റമറ്റ രീതിയിൽ കുടിവെളള വിതരണം ചെയ്യുന്നതിന് തീരുമാനിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.