rahul-gandhi

തിരുവനന്തപുരം: രാജ്യത്തിനായുള്ള ത്യാഗങ്ങൾക്കും സേവനങ്ങൾക്കും സൈന്യത്തിന് കിട്ടേണ്ട കീർത്തി അവർക്ക് നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിയെടുക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്രപ്പെടുത്തി. സെൻട്രൽ സ്റ്റേഡിയത്തിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.

പുൽവാമയിൽ നിരവധി സൈനികർക്കും അർദ്ധസൈനികർക്കും ജീവൻ നഷ്ടമായി. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ പണയം വച്ച് സേവനം നടത്തുന്നവരാണ് സൈനികർ. അവരുടെ സേവനങ്ങളെയും ത്യാഗങ്ങളെയും രാഷ്ട്രീയ വത്കരിക്കരിക്കരുത്. നിർഭാഗ്യവശാൽ പ്രധാനമന്ത്രി അങ്ങനെ ചെയ്യുന്നു.

രാജ്യത്തിന്റെ കോടിക്കണക്കിന് രൂപ അംബാനിയെയും നീരവ് മോദിയെയും പോലുള്ള കുത്തകകൾ തട്ടിയെടുക്കുന്നു. എന്നാൽ നിസാര ബാങ്കുവായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ കർഷകരെ ജയിലിലടയ്ക്കുന്നു. കുത്തകകൾക്ക് വേണ്ടി ഒരിന്ത്യ, മറ്റുള്ളവർക്കായി വേറെ ഇന്ത്യ എന്ന സ്ഥിതി മാറണം. എല്ലാവർക്കും തുല്യനീതി കിട്ടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

എല്ലാ ഭാഷയെയും സംസ്കാരത്തെയും ചരിത്രത്തെയും ബഹുമാനിക്കുന്നതാണ് കോൺഗ്രസിന്റെ രീതി. എന്നാൽ തങ്ങളുടേതായ ഒരേ ആശയം അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോൺഗ്രസ് മുക്തഭാരതമെന്നാണ് മോദി പറയുന്നത്. ആരെയും ഉന്മൂലനം ചെയ്യണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. ആശയങ്ങളോട് ശക്തമായി പോരാടി പരാജയപ്പെടുത്തും.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനെയും ജയിലിൽ അടയ്ക്കില്ല. ഒരു ഉപാധിയും അനുമതികളുമില്ലാതെ മൂന്ന് വർഷത്തേക്ക് യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കും..തിരുവനന്തപുരം മണ്ഡലത്തിൽ ശശിതരൂരിനെയും ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും രാഹുൽഗാന്ധി അഭ്യർത്ഥിച്ചു.

ആർ.എസ്.എസിനെയും ബി.ജെ.പിയെയും നേരിടാൻ കഴിയുന്ന ഏക നേതാവാണ് രാഹുലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണ് അദ്ദേഹം. രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാനാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥികളായ ശശിതരൂർ, അടൂർപ്രകാശ്, എം.എൽ.എ മാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ് , കെ.എസ്.ശബരീനാഥൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പാലോട് രവി, വർക്കല കഹാർ, ടി.ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.