election-2019

ആവേശക്കൊടുങ്കാറ്റ്

തിരുവനന്തപുരം: മഴമേഘം മൂടിക്കിടന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ചുഴലിക്കാറ്റു പോലെയായിരുന്നു ആ വരവ്. വെളുത്ത കുർത്തയും പൈജാമയുമണിഞ്ഞ്, നിറഞ്ഞ ചിരിയോടെ, കൈയുയർത്തി രാഹുൽ വേദിയിലെത്തിയപ്പോൾ സ്റ്റേഡിയം ഇളകിമറിഞ്ഞു. ആയിരക്കണക്കിന് കൈകൾ അഭിവാദ്യമായി ഉയർന്നു. എല്ലാവർക്കും തൊഴുകൈയോടെ നന്ദിപറഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അനന്തപുരിയുടെ വേദിയിൽ അമർന്നിരുന്നു.

ഞങ്ങടെ ഓമനനേതാവേ, കണ്ണേ കരളേ രാഹുലേ.... സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനസഞ്ചയം ആർത്തുവിളിക്കുകയാണ്. സെക്രട്ടേറിയറ്റിനു വിളിപ്പാടകലെ സെൻട്രൽ സ്റ്റേഡിയത്തിൽ രാഹുൽ എന്ന ആവേശക്കൊടുങ്കാറ്റ് വീശിയടിക്കുകയായിരുന്നു. സ്റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം ഉച്ചകഴിഞ്ഞപ്പോഴേ നിറഞ്ഞിരുന്നു. ദൂരെനിന്നുള്ള പ്രവർത്തകർ കൂട്ടത്തോടെ ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളും രാഹുലിന്റെ ചിത്രം പതിച്ച തൊപ്പിയണിഞ്ഞ്, പാർട്ടി പതാകകളുമായി റോഡുകളിൽ നിറഞ്ഞു.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാഹുലിന്റെ സമ്മേളന വേദിയിലേക്ക് മെറ്റൽഡിറ്റക്ടർ പരിശോധന കഴിഞ്ഞാണ് ഓരോരുത്തരെയും കടത്തിവിട്ടത്. സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) പാസ് ധരിച്ച പൊലീസുകാർ സ്റ്റേഡിയം കൈപ്പിടിയിലാക്കിയിരുന്നു. മഫ്‌തി പൊലീസ്, മുക്കിലും മൂലയിലും ഹാൻഡ് ഡിറ്റക്ടറുകളുമായി പരിശോധന, സമീപത്തെ ഉയർന്ന കെട്ടിടങ്ങളിലെല്ലാം എസ്.പി.ജി നിരീക്ഷണം, ജനക്കൂട്ടത്തെ വ്യക്തമായി കാണാൻ വേദിക്കരികെ കൺട്രോൾ റൂം... ചെറുപഴുതു പോലുമില്ലെന്ന് എസ്.പി.ജി ക്ലിയറൻസ് നൽകിയ ശേഷമായിരുന്നു, വൈകിട്ട് ആറേകാലിന് രാഹുലിന്റെ വരവ്.

രാഹുൽ വേദിയിലേക്കെത്തുന്നതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചപ്പോഴേ സ്റ്റേഡിയം ഇളകിമറിഞ്ഞു. കൈയുയർത്തി, ഷാൾ വീശി ജനക്കൂട്ടം എഴുന്നേറ്റുനിന്നു. സ്ഥാനാർത്ഥികളായ ശശി തരൂരിന്റെയും അടൂർ പ്രകാശിന്റെയും കൈകൾ പിടിച്ചുയർത്തിയ ശേഷം മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കുമിടയിൽ രാഹുൽ ഇരുന്നു. വേദിയുടെ നാലു മൂലകളിലും പ്രസംഗവേദിക്കു പിന്നിലും രാഹുലിന്റെ പിൻസീറ്രിലും എസ്.പി.ജി നിരന്നു. അടുത്ത സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ ഇന്ത്യൻ പതാകയുയർത്തുന്നത് രാഹുലായിരിക്കുമെന്ന ചെന്നിത്തലയുടെ വാക്കുകൾ ജനാവലിയെ ഇളക്കി. ശശി തരൂരിന്റെയും അടൂർ പ്രകാശിന്റെയും ഹ്രസ്വമായ പ്രസംഗം.

ആറരയോടെ രാഹുൽ മൈക്കിനടുത്തെത്തി. മിനിറ്റുകൾ നീണ്ട ഹർഷാരവത്തോടെ ജനം രാഹുലിനെ വരവേറ്റു. നേതാക്കളു

ടെയെല്ലാം പേരെടുത്തുപറഞ്ഞ് തുടക്കം. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും ആർ.എസ്.എസിനെയും വൻവ്യവസായികളെയും ആക്രമിച്ചുള്ള പ്രസംഗം. പ്രധാനമന്ത്രിക്ക് കോൺഗ്രസിനോട് വിദ്വേഷമായിരിക്കുമെങ്കിലും, ബി.ജെ.പിയെ ഞങ്ങൾ പരാജയപ്പെടുത്തുന്നത് സ്നേഹത്തോടെയായിരിക്കുമെന്ന രാഹുലിന്റെ വാക്കുകൾക്ക് നിലയ്‌ക്കാത്ത കൈയടി.

''വിദ്വേഷരാഷ്ട്രീയം ഇന്ത്യയെ എത്രമേൽ മുറിവേൽപ്പിച്ചെന്ന് ഞങ്ങൾക്കറിയാം. അച്ഛാദിൻ എന്നായിരുന്നല്ലോ മുദ്രാവാക്യം. അഞ്ചു വർഷം ആരുടെ നല്ലദിനങ്ങളായിരുന്നു? അംബാനിക്കും നീരവ്‌ മോഡിക്കും മെഹുൽ ചോക്‌സിക്കുമായിരുന്നു അച്ഛാ ദിൻ. 526 കോടിയുടെ വിമാനമാണ് 1600 കോടിക്ക് വാങ്ങിയത്. ഒരു വിമാനം പോലുമുണ്ടാക്കിയിട്ടാത്ത ആളിന് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഉടമ്പടി നൽകി"- റാഫേൽ വിവാദം കത്തിച്ച് രാഹുലിന്റെ വാക്കുകൾ. ഈ സമയം രാഹുലിന്റെയും സോണിയയുടെയും ചിത്രങ്ങളുള്ള പതാകകളുമായി ഒരുസംഘം ചെറുപ്പക്കാർ സ്റ്റേഡിയത്തിലേക്ക് പ്രകടനമായെത്തി.