ksrtc-strike

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ എം.പാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ 23നു ശേഷം സർക്കാർ തീരുമാനമെടുക്കും. 36 ഡിപ്പോകളെ മറ്റ് ഡിപ്പോകളിൽ ലയിപ്പിക്കണമെന്ന മാനേജ്മെന്റ് തീരുമാനം സംബന്ധിച്ചും തിരഞ്ഞെടുപ്പിനു ശേഷമേ സർക്കാർതല നടപടി ഉണ്ടാവുകയുള്ളൂ.

ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി ചെയർമാനുമായ കെ.ആർ. ജ്യോതിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു നിർണായകമായ തീരുമാനങ്ങളുണ്ടായത്. പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു തീരുമാനങ്ങൾ.

പരമാവധി ബസുകൾ സർവീസിനിറക്കുക, ഒരു ലിറ്റർ ഡീസലിനു കുറഞ്ഞത് 4.5 കി.മീ. ഇന്ധനക്ഷമത നേടുക, ഒരു ബസിന് ആറു തൊഴിലാളികൾ എന്ന അനുപാതം കൈവരിക്കാനായി മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, എല്ലാ എംപാനൽ ജീവനക്കാരെയും പിരിച്ചുവിടുക, മിനിസ്റ്റീരിയൽ വിഭാഗത്തിൽ അധികമുള്ള ജീവനക്കാരെ കണ്ടക്ടർ/സുരക്ഷാ വിഭാഗം തുടങ്ങി മറ്റു തസ്തികകളിലേക്കു പുനർവിന്യസിക്കുക, റെഗുലേഷനില്ലാതെയുള്ള ഇ.ഡി തസ്തികകളിൽ തുടരുന്നവരെ യഥാർഥ തസ്തികയിലേക്കു തിരിച്ചയയ്ക്കുക, ലാഭകരമല്ലാത്ത 36 യൂണിറ്റുകൾ അടച്ചുപൂട്ടുക, മാനേജ്‌മെന്റ് വിദഗ്ദ്ധരെ ഓപ്പറേഷൻ ആൻഡ് അഡ്മിനിസ്‌ട്രേഷൻ വിഭാഗങ്ങളിൽ മാറ്റിനിയമിക്കുക തുടങ്ങിയവയാണു തീരുമാനങ്ങൾ. സർക്കാർ പച്ചക്കൊടി കാട്ടിയാലുടൻ നടപ്പിലാക്കി മൂന്നു മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കും.