തിരുവനന്തപുരം: വയനാട് നാമനിർദ്ദേശപത്രിക നൽകിയശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഇന്നലെ രാവിലെ പതിവ് നടത്തയും വ്യായാമവും ഒഴിവാക്കിയാണ് സംസ്ഥാന നേതാക്കളോട് തിരഞ്ഞെടുപ്പു വിഷയങ്ങൾ ചർച്ചചെയ്യാൻ തയ്യാറായത്.
തിങ്കളാഴ്ച രാത്രി പ്രതീക്ഷിച്ചതിലും വൈകി 10.40ന് തിരുവനന്തപുരത്തെത്തിയ രാഹുൽഗാന്ധി ശംഖുംമുഖത്തെ ഇഷ്ടഹോട്ടലായ ഉദയ് സ്യൂട്ടിലെ പതിവ് മുറിയായ 102ലാണ് താമസിച്ചത്. രാത്രി ഭക്ഷണം പഴച്ചാറിലും അല്പം പഴങ്ങളിലുമൊതുക്കി ഏറെനേരം കെ.സി.യും മുല്ലപ്പള്ളിയുമായി ചർച്ച നടത്തി. രാവിലെ ഇരുവർക്കും പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്പാനൂർ രവി ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ നേതാക്കളും എത്തി. ശശി തരൂരിന്റെ ജയസാദ്ധ്യതയും കേരളത്തിലെ മറ്റിടങ്ങളിലെ ജയസാദ്ധ്യതയും അതിന്റെ കണക്കുകളുമായിരുന്നു പ്രധാന ചർച്ച. തല പൊട്ടി ആശുപത്രിയിൽ കഴിയുന്ന ശശി തരൂരുമായും രാഹുൽ ഇതിനിടയിൽ സംസാരിച്ചു. രാവിലെ ഉപ്പുമാവും ഒാംലെറ്റും പഴങ്ങളുമായിരുന്നു പ്രാതൽ. ഒൻപതരയോടെ എയർപോർട്ടിലെത്തി ഹെലികോപ്ടറിൽ പത്തനാപുരത്തേക്ക് തിരിച്ചു. അവിടെ റാലിയിൽ പങ്കെടുത്ത ശേഷം പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞാണ് പാലായിൽ കെ.എം. മാണിയുടെ വസതി സന്ദർശിച്ചത്. അതിനുശേഷം ആലപ്പുഴയിലേക്ക്. അവിടെനിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തി. വൈകിട്ട് ആറിന് സെൻട്രൽ സ്റ്റേഡിയത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിച്ചശേഷം രാത്രി ഏഴോടെ കോഴിക്കോട്ടേക്ക് തിരിച്ചു.