rahul-gandhi

തിരുവനന്തപുരം: തലസ്ഥാനത്ത് ആവേശം വിതറിയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി സെൻട്രൽ സ്‌റ്റേഡിയത്തിലെത്തിയത്. സമ്മേളനത്തിന് എത്തിയ പ്രവർത്തകർ ഉച്ചയോടെ സെക്രട്ടേറിയറ്റിന് സമീപത്തെ റോഡുകളിൽ നിറഞ്ഞു. സ്‌റ്റേഡിയത്തിന്റെ മൂന്ന് പ്രവേശന കവാടങ്ങളിലും ക്യൂ നീണ്ടു. മൂന്നു മണിക്കൂറോളം ക്യൂ നിന്നാണ് പ്രവർത്തകർ സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. പ്രസ്‌ക്ലബ് ഭാഗത്തെ ഗേറ്രിലൂടെ സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള ക്യൂ ഊറ്റുകുഴിയും പിന്നിട്ട് നീണ്ടു. സ്ത്രീകളും കുട്ടികളുമെല്ലാം മണിക്കൂറുകളോളം വരിനിന്നു.

ബാരിക്കേഡുകൾ സ്ഥാപിച്ച്, കർശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയാണ് സമ്മേളനത്തിന് എത്തിയവരെ കടത്തിവിട്ടത്. എല്ലാ പ്രവേശന കവാടങ്ങളിലും പൊലീസ് മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചിരുന്നു. അഞ്ചേമുക്കാലോടെ സെൻട്രൽ സ്‌റ്റേഡിയം പ്രവർത്തകരാൽ നിറഞ്ഞു.സ്‌റ്റേഡിയത്തിന്റെ ഗാലറികളിലും യു.ഡി.എഫ് പ്രവർത്തകർ ഇടംപിടിച്ചു. ത്രിവർണ പതാകളുമായും രാഹുലിന്റെ ചിത്രം പതിച്ച തൊപ്പികൾ ധരിച്ചും പ്രവർത്തകർ ആവേശത്തോടെ രാഹുലിന്റെ വരവ് കാത്തിരുന്നു. മുസ്ലിംലീഗ് അടക്കമുള്ള ഘടകക്ഷികളുടെയും കെ.എസ്.യുവിന്റെയും കൊടികൾ പാറിപ്പറന്നു. രാഹുൽ ഗാന്ധി ഉടൻ എത്തിച്ചേരുമെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചതോടെ സ്‌റ്റേഡിയം ഹർഷാരവത്തിൽ മുങ്ങി.

മൂടിക്കെട്ടിയ അന്തരീക്ഷം വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലി സ്റ്റേഡിയത്തിലെത്തി. ആറേകാലോടെ രാഹുൽ വേദിയിലെത്തിയപ്പോൾ പ്രവർത്തകർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിയോടെ വരവേറ്റു. ആവേശത്തിലായ പ്രവർത്തകരെ ശാന്തരാക്കാൻ സേവാദൾ വോളന്റിയർമാർ പണിപ്പെട്ടു. വന്ദേമാതരം ആലപിച്ചാണ് സമ്മേളനം തുടങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചെറു പ്രസംഗങ്ങൾക്ക് ശേഷം രാഹുൽ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ എഴുന്നേറ്റു. നിലയ്ക്കാത്ത കൈയടികളുമായി രാഹുലിന് പ്രവർത്തകർ സ്വാഗതമോതി. ബി.ജെ.പിയെയും ആർ.എസ്.എസിനെയും ആക്രമിച്ചു കൊണ്ടുള്ള പ്രസംഗത്തിന് വൻ കൈയടി ലഭിച്ചു.

റാഫേൽ, നോട്ട് നിരോധനം തൊഴിൽ ഇല്ലായ്മ എന്നിവയിലെല്ലാം മോദിയെ രൂക്ഷമായി വിമർശിച്ചുള്ള പ്രസംഗം പ്രവർത്തകരെ ആവേശത്തിലാക്കി. രാഹുൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നുണ്ടായിരുന്നു. മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം പൂർത്തിയായപ്പോൾ പ്രവർത്തകർ ആവേശത്തിരയിലായി. മുദ്രാവാക്യം മുഴക്കിയാണ് രാഹുലിനെ പ്രവർത്തകർ യാത്രയാക്കിയത്.