തിരുവനന്തപുരം: ബിസിനസ് പാർട്ണറാക്കി 70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വെഞ്ഞാറമൂട് പ്രീതാഭവനിൽ ചന്ദ്രമനയാണ് ഡി.ജി.പിയ്ക്ക് പരാതി നൽകിയത്. പരാതി തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയ്ക്ക് അന്വേഷണത്തിനായി കൈമാറി. ആലംകോട് സ്വദേശി ഷിബുവുൾപ്പെടെ ഏഴംഗ സംഘത്തിനെതിരെയാണ് പരാതി. ആറ്റിങ്ങലിൽ ചന്ദ്രമന നടത്തിയിരുന്ന ചിക്കൻ കടയിൽ ഷിബുവും കുടുംബവും സ്ഥിരം സന്ദർശകരായിരുന്നു. പതിവായി കടയിലെത്തി സാധനങ്ങൾ വാങ്ങി പരിചയത്തിലായ ഇവർ പിന്നീട് സ്ഥിരവരുമാനമുള്ള ബിസിനസിൽ പാർട്ണറാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. മാമത്ത് പ്രവർത്തിച്ചിരുന്ന സ്റ്റേഷനറി മാർട്ടിൽ സാധനങ്ങൾ വിതരണം ചെയ്യുന്നതായിരുന്നു ആദ്യസംരംഭം. സാധനങ്ങൾ സപ്ളൈ ചെയ്തതിന്റെ ലാഭവിഹിതം കൃത്യമായി നൽകി വിശ്വാസത്തിലെടുത്തശേഷം ചെമ്പക മംഗലത്ത് സൂപ്പർമാർക്കറ്റും ബേക്കറിയും തുടങ്ങാനായി 29 ലക്ഷം രൂപ കൈക്കലാക്കി. മാമത്ത് സ്റ്റേഷനറി കട വിപുലീകരിക്കാനെന്ന വ്യാജേന പിന്നീട് ചെമ്പക മംഗലത്തെ കട വിറ്റു. അതിനുശേഷം മാമത്ത് വാടകയ്ക്കെടുത്ത സ്ഥലത്ത് സൂപ്പർമാർക്കറ്റ് പണിതീർക്കാനായി 70 ലക്ഷം രൂപ ആവശ്യപ്പെട്ടു. റിട്ട. അദ്ധ്യാപകനായ പിതാവിൽ നിന്നും വിദേശത്തുള്ള സഹോദരി ഭർത്താവിൽ നിന്നും കടം വാങ്ങിയും സഹോദരിയുടെ വീടും പറമ്പും പണയപ്പെടുത്തിയും 70 ലക്ഷം നൽകിയതായി പരാതിയിൽ പറയുന്നു. ഇതിനിടെ ചന്ദ്രമനയുടെ മാതാവ് കാൻസർ രോഗ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ സമയത്ത് കടയിലെ സാധനങ്ങൾ ഷിബുവും ജീവനക്കാരും ചേർന്ന് മറിച്ചുവിറ്റുവെന്നും പരാതിയിലുണ്ട്.
കേസെടുത്ത് അന്വേഷണം
വിശ്വാസ വഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ റൂറൽ ജില്ലാ പൊലീസ് ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. പരാതി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഡി.ഐ.ജി, പൊലീസ് ആസ്ഥാനം