election-

ജയിക്കുമെന്ന വിശ്വാസത്താൽ നയിക്കപ്പെടുന്ന മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ പത്തനംതിട്ടയിൽ കളം നിറഞ്ഞുകളിക്കുമ്പോൾ അവരെ നോക്കി ആരും പറഞ്ഞുപോകും, 'വിശ്വാസം, അതല്ലേ എല്ലാം' എന്ന്. മത്സരത്തിന്റെ പ്രവചനാതീതസ്വഭാവം അത് കാണിക്കുന്നു. വിശ്വാസം എന്ന പദമുയർത്തിയ കോലാഹലത്തിന് ഇത്രയേറെ സാക്ഷ്യം വഹിക്കേണ്ടിവന്ന മണ്ണും സമീപകാലത്തായി പത്തനംതിട്ടയല്ലാതെ മറ്റൊന്നില്ല. ശബരിമല യുവതീപ്രവേശന വിവാദത്തിന്റെ കേന്ദ്രസ്ഥാനമായി മാറിയ പത്തനംതിട്ടയിൽ അതുകൊണ്ടുതന്നെ പോരാട്ടത്തിന് എന്തെന്നില്ലാത്ത ചൂടാണ്.

നേരത്തേ കളത്തിലിറങ്ങി പ്രചരണരംഗത്തു മുന്നേറിയ ഇടതു സ്ഥാനാർത്ഥിയും പത്തനംതിട്ട നഗരം ഉൾപ്പെട്ട ആറന്മുള നിയോജകമണ്ഡലത്തിലെ എം.എൽ.എയുമായ വീണാ ജോർജിനെ വിഷുദിനത്തിൽ കണ്ടുമുട്ടിയത് ഇലവുംതിട്ടയിൽ മഹാകവി മുലൂർ സ്‌മാരക മന്ദിരത്തിലാണ്. പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടം സ്ഥാനാർത്ഥിയോടുള്ള സ്നേഹവായ്പ് കലർപ്പില്ലാതെ പ്രകടമാക്കുന്നു. സ്ഥാനാർത്ഥിക്ക് അമ്മമാരും ചേച്ചിമാരും കാരണവന്മാരുമെല്ലാം വിഷുക്കൈനീട്ടം നൽകി. എല്ലാവരുടെയും കൈയിൽ മുത്തമിട്ട് ആദരവോടെ സ്ഥാനാർത്ഥി.

ശ്രീനാരായണ ഗുരുദേവന്റെ പാദസ്‌പർശമേറ്റ ഈ മണ്ണിൽ നിന്നുള്ള വിഷുക്കൈനീട്ടം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ വരുന്ന അഞ്ചു വർഷത്തെ വികസനത്തിനായുള്ള നിക്ഷേപമാകട്ടെയെന്ന് വീണാ ജോർജ് പ്രത്യാശിച്ചു. അവിടെ നിന്ന് അയിരൂരിലെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.

"നല്ല വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണരംഗത്ത് നല്ല മുന്നേറ്റമുണ്ടാക്കാനായി. എല്ലായിടത്തും ലഭിക്കുന്ന സ്വീകരണങ്ങൾ അതു വ്യക്തമാക്കുന്നുണ്ട്. ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ്. യു.ഡി.എഫ് പ്രചാരണരംഗത്തേയില്ല. തീർത്തും ദു‌ർബലമാണ് അവരുടെ പ്രവർത്തനം"- വീണാ ജോർജ് പറയുന്നു.

കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത് കാളകെട്ടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണ പര്യടന വാഹനമെത്തുമ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ടര. കത്തുന്ന വെയിലത്ത് അകമ്പടി പ്രാസംഗികൻ തകർക്കുന്നു: "ജനങ്ങളെ വേട്ടയാടുന്ന വർഗ്ഗീയശക്തികളെ ആട്ടിയോടിച്ചേ മതിയാവൂ. കർഷകരുടെ കടമെഴുതിത്തള്ളിയ രാഹുൽഗാന്ധി നമ്മെ നയിക്കട്ടെ..."- പ്രവർത്തകരുടെ ആവേശം അണപൊട്ടി. സമീപത്തെ കടകളിലെല്ലാം കയറിയിറങ്ങി വോട്ടർമാരുടെ കൈപിടിച്ചു കുലുക്കിയും കുശലം പറഞ്ഞും നാട്ടുകാരനായി ആന്റോ നിറഞ്ഞു. ഒപ്പം കാഞ്ഞിരപ്പള്ളിയുടെ സ്വന്തം എം.എൽ.എ പ്രൊഫ.എൻ. ജയരാജുമുണ്ട്.

"യു.ഡി.എഫ് ഇക്കുറി കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടും. എൽ.ഡി.എഫ് എന്തുകൊണ്ടാണ് പ്രചരണരംഗത്ത് ഇങ്ങനെ പിന്നിലായിപ്പോയതെന്ന് എനിക്കു മനസ്സിലാവുന്നില്ല. ബി.ജെ.പി അവരുടെ പ്രചാരണരീതിയുടെ സ്വഭാവം കൊണ്ട് നിറഞ്ഞുകാണുന്നുണ്ട്. ശബരിമലവിഷയത്തിൽ പക്ഷേ അവരുടെ കാപട്യം ജനം തിരിച്ചറിയും. സുപ്രീംകോടതിയിൽ കേസ് കൊടുത്തിട്ട് അവർ തന്നെ കലാപമുണ്ടാക്കിയതല്ലേ? ഇതിൽ സ്ഥിരതയുള്ള നിലപാടെടുത്തത് യു.ഡി.എഫാണ്"- ആന്റോ ആന്റണി പറഞ്ഞു.

വിഷുക്കണി ശബരിമലയിൽ ദർശിച്ച് കാഞ്ഞിരപ്പള്ളിയിൽ വന്നിറങ്ങിയ ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ കണ്ടുമുട്ടിയത് കറുകച്ചാലിലാണ്. പ്രവർത്തകരിലൊരാളുടെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണത്തിനു ശേഷം മൂന്നേകാലോടെ ചമ്പക്കരയിൽ കുടുംബസംഗമത്തിന് സുരേന്ദ്രനും സഹപ്രവർത്തകരുമെത്തി. സ്ത്രീകളടക്കമുള്ളവരുടെ വൻവരവേല്പ്. ആരതിയുഴിഞ്ഞും മറ്റും സ്ഥാനാർത്ഥിയെ സ്ത്രീകൾ സ്വീകരിക്കുന്നു, ഒപ്പം നിന്ന് സെൽഫിയെടുക്കാൻ ഉത്സാഹിക്കുന്നു.

"മുമ്പെങ്ങുമില്ലാത്ത പ്രതികരണമാണ് എനിക്കിവിടെ കിട്ടുന്നത്. നല്ല മുന്നേറ്റമുണ്ടാകുന്നുണ്ട്. നല്ല അടിയൊഴുക്ക് വോട്ടർമാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ക്രൈസ്‌തവ മേഖലയിൽ നിന്നടക്കം നല്ല പ്രതികരണമുണ്ടാകുന്നു"- സുരേന്ദ്രൻ പറഞ്ഞു.

സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം പ്രവർത്തകരിലുണ്ടാക്കിയ ആവേശമാണ് ബി.ജെ.പി പ്രചാരണത്തിന് ഇന്ധനം. ആവേശത്തിരതള്ളൽ അനുകൂലമാകുമെന്ന പ്രതീക്ഷ അവരെ നയിക്കുന്നുണ്ട്. ശബരിമലയാണ് ഇതിന്റെ അന്തർധാരയെന്നാണ് അവരുടെ വിശ്വാസം. 2014-ൽ 1.39 ലക്ഷം വോട്ടു നേടിയ ബി.ജെ.പിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 1.91 ലക്ഷത്തിലേക്കെത്തിക്കാനായി. അതു പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിലേക്കെത്തിക്കുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ന്യൂനപക്ഷസ്വാധീന മണ്ഡലത്തിൽ.

3.59 ലക്ഷം വോട്ട് യു.ഡി.എഫും 3.03 ലക്ഷം വോട്ട് എൽ.ഡി.എഫും നേടിയ 2014- ൽ 56181 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ ആന്റോ ആന്റണി വിജയിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ മേൽക്കൈ ഇടതിനായി. തിരുവല്ല, റാന്നി, പത്തനംതിട്ട, അടൂർ മണ്ഡലങ്ങൾ അവർ പിടിച്ചപ്പോൾ കോന്നിയും കാഞ്ഞിരപ്പള്ളിയും യു.ഡി.എഫ് നിലനിറുത്തി. പൂഞ്ഞാറിൽ സ്വതന്ത്രൻ പി.സി. ജോർജും. പതിനേഴായിരം വോട്ടിന്റെ മേൽക്കൈ 2016-ൽ പത്തനംതിട്ടയിലാകെ ഇടതിനുണ്ടായെന്നും അതിനു മുകളിലേക്ക് ലീഡുയർത്തി ജയിക്കുമെന്നുമാണ് ഇടത് അവകാശവാദം.

ശബരിമല, പ്രളയം എന്നീ വിഷയങ്ങൾ അനുകൂലമാകുമെന്ന് കണക്കുകൂട്ടുന്ന യു.ഡി.എഫ് ആന്റോ ആന്റണിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്കുയരുമെന്നാണ് അവകാശപ്പെടുന്നത്. പ്രളയദുരന്തത്തിന് ഇരയായവർക്കുള്ള ധനസഹായം റാന്നിയിലൊക്കെ ഇനിയും നിരവധി കച്ചവടക്കാർക്ക് കിട്ടാനുണ്ടെന്നും ആ എതിർപ്പുകൾ സർക്കാരിന് വിനയാകുമെന്നുമാണ് പറയുന്നത്. എന്നാൽ, പ്രളയദുരന്തമുണ്ടായപ്പോൾ നിറഞ്ഞുനിന്നത് വീണാ ജോർജ് അടക്കമുള്ള നാല് ഇടത് എം.എൽ.എമാരാണെന്നും സിറ്റിംഗ് എം.പിയായിരുന്ന ആന്റോ ആന്റണിയെ കാണാനേ ഇല്ലായിരുന്നുവെന്നും ഇടതുപക്ഷം തിരിച്ചടിക്കുന്നു. ജനം ഇതു തിരിച്ചറിയുന്നുണ്ടെന്നാണ് വാദം.

മണ്ഡലത്തിൽ ക്രൈസ്‌തവർ മാത്രം 38 ശതമാനമുണ്ട്. ഓർത്തഡോക്‌സ് വിഭാഗത്തിനാണ് മേൽക്കൈ. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മേഖലയിൽ കത്തോലിക്കാ സ്വാധീനവും തിരുവല്ലയിൽ മാർത്തോമ്മാ സ്വാധീനവുമുണ്ട്. പല പോക്കറ്റുകളിലും മുസ്‌ലിംസ്വാധീനവുമുണ്ട്. പത്തനംതിട്ട പട്ടണമുൾപ്പെട്ട ആറന്മുളയിലെ ഓർത്തഡോക്‌സ് സ്വാധീനം ആറന്മുളയിൽ 2016‌-ൽ ആ വിഭാഗത്തിൽപെട്ട വീണയ്ക്ക് തുണയായെന്ന് യു.ഡി.എഫ് കരുതുന്നു. സഭാതർക്ക വിഷയത്തിൽ ഓർത്തഡോക്സ് വിഭാഗം ഇക്കുറി സർക്കാരിനെതിരായത് തുണയാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

ന്യൂനപക്ഷ സ്വാധീനമാണ് ബി.ജെ.പിക്ക് വിനയായി നിൽക്കുന്നതെങ്കിലും ശബരിമലയുടെ പേരിൽ ശക്തമായ അടിയൊഴുക്ക് അവർ പ്രതീക്ഷിക്കുന്നുണ്ട്. ഇരുമുന്നണികളിൽ നിന്നും അതുണ്ടാവാം. കോന്നി, കാഞ്ഞിരപ്പള്ളിമേഖലകളിൽ ഇത് ദൃശ്യമാണ്. അടിയൊഴുക്ക് ബാധിക്കുക യു.ഡി.എഫിനെയെന്ന് ഇടതും ഇടതിനെയെന്ന് യു.ഡി.എഫും പറയുന്നിടത്താണ് ബി.ജെ.പി സാദ്ധ്യതകളെ ചൊല്ലിയുള്ള ആകാംക്ഷ കനപ്പിക്കുന്നത്.

എൽ.ഡി.എഫ്: അനുകൂലം- ഓർത്തഡോക്‌സ് സ്വാധീന മണ്ഡലത്തിൽ സി.എം. സ്റ്റീഫനു ശേഷം ആ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥി, പ്രചാരണത്തിലെ മേൽക്കൈ, എം.എൽ.എ എന്ന നിലയിലെ സ്വീകാര്യത.

പ്രതികൂലം- സഭാതർക്കത്തിൽ ഓർത്തഡോക്‌സ് സഭയുടെ എതിർവികാരം, ശബരിമല വിഷയത്തിലെ പ്രചാരണങ്ങൾ സൃഷ്‌ടിക്കാവുന്ന അടിയൊഴുക്കുകൾ, മണ്ഡലത്തിലെ യു.ഡി.എഫ് സ്വാധീനം.

 യു.ഡി.എഫ്: അനുകൂലം- മണ്ഡലത്തിലെ പരമ്പരാഗത സ്വാധീനം, ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്റേത് അടക്കമുള്ള നിലപാടുകൾ, പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരാതികൾ.

പ്രതികൂലം- ആറന്മുള എം.എൽ.എ എന്ന നിലയിലെ വീണയുടെ സ്വീകാര്യത, ബി.ജെ.പി സൃഷ്ടിക്കുന്ന ഓളം ഉണ്ടാക്കിയേക്കാവുന്ന അടിയൊഴുക്കുകൾ.

ബി.ജെ.പി: അനുകൂലം- കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം സൃഷ്ടിച്ച ആവേശം, ശബരിമല ഇഫക്ടിൽ പ്രതീക്ഷിക്കുന്ന അടിയൊഴുക്കുകൾ.

പ്രതികൂലം- മണ്ഡലത്തിലെ ക്രൈസ്തവ, മുസ്ലിം സ്വാധീനം, വോട്ടുനില ഗണ്യമായി ഉയർത്തുകയെന്ന വെല്ലുവിളി.