crime

തിരുവനന്തപുരം: വിദേശനാണയ വിനിമയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് പിടിയിലായ ഇറാനിയൻ ദമ്പതികൾ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇന്ത്യയിൽ എത്തിയത് നാല് തവണ, തട്ടിയത് അരക്കോടിയോളം രൂപ. കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലായിരുന്നു തട്ടിപ്പ് ഏറെയും. മൂവാറ്റുപുഴയിലും അട്ടക്കുളങ്ങരയിലുമായി റിമാൻഡിൽ കഴിയുന്ന സെറാജുദ്ദീൻ ഹൈദറെയും ഭാര്യ ഹെൻഡാരി ഹൊസ്നയേയും കൂടുതൽ അന്വേഷണത്തിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുന്നതോടെ രാജ്യത്തിനകത്തും പുറത്തും നടന്ന കവർച്ചകൾക്ക് തുമ്പുണ്ടായേക്കും. ഇക്കഴിഞ്ഞ സെപ്തംബർ 17 ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ചില്ലറ മാറാനെന്ന വ്യാജേനെയെത്തി ആറ്റിങ്ങൽ - ചിറയിൻകീഴ് റോഡിലുള്ള വി.എസ് അസോസിയേറ്റ്സ് എന്ന മണി എക്സ്‌‌ചേഞ്ച് സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയത്. സ്ഥാപന ഉടമയും ജീവനക്കാരനുമാണ് സംഭവ സമയത്ത് കടയിലുണ്ടായിരുന്നത്. എതിർവശത്തെ സ്ഥാപനത്തിലാണ് സംഘം ആദ്യം എത്തിയത്. അവിടെ ചില്ലറയില്ലെന്ന് പറഞ്ഞപ്പോഴാണ് റോഡ് കുറുകെ കടന്ന് വി.എസിൽ എത്തിയത്. കടയിലെത്തി ചിരിച്ച് ഹായ് പറഞ്ഞശേഷം ആയിരം ദിർഹത്തിന് അഞ്ഞൂറ് രൂപയുടെ ഇന്ത്യൻ കറൻസി ഉൾപ്പെടെ ചില്ലറ ആവശ്യപ്പെടുകയായിരുന്നു. സ്ഥാപന ഉടമ ചില്ലറയെടുക്കാനായി അകത്തേക്ക് കയറി. ഇടുങ്ങിയ കടമുറിയ്ക്കുള്ളിൽ കുശലാന്വേഷണങ്ങളിലൂടെ ജീവനക്കാരന്റെ ശ്രദ്ധ ഹെൻഡാരി തന്നിലേക്ക് ആകർഷിച്ച സമയത്താണ് സെറാജുദ്ദീൻ കൗണ്ടറിനുള്ളിലുണ്ടായിരുന്ന വിദേശ കറൻസികൾ കൈക്കലാക്കിയത്. കടയുടമ പുറത്തിറങ്ങിവരും മുമ്പേ ജീവനക്കാരനോട് താങ്ക്സ് പറഞ്ഞശേഷം പുറത്തിറങ്ങിയ ഇവർ ആട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു.

വിദേശികൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ അനുഭവമില്ലാത്തതിനാൽ ഇവരുടെ വരവിലോ പെരുമാറ്റത്തിലോ സ്ഥാപന ഉടമയ്ക്കും സംശയം തോന്നിയില്ല. അൽപ്പനേരം കഴിഞ്ഞാണ് പണം നഷ്ടപ്പെട്ട വിവരം ഉടമയ്ക്ക് ബോദ്ധ്യമായത്. പെട്ടെന്ന് കടയ്ക്ക് പുറത്തിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഇവർ രക്ഷപ്പെട്ടിരുന്നു.

തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ കോളേജിനടുത്തെ ഒരു സ്ഥാപനത്തിൽ നിന്ന് മുമ്പ് 30,000 രൂപ കവർന്ന സംഭവം വെളിപ്പെട്ടു. അവിടെ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യമാണ് മോഷ്ടാക്കളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. സമാന രീതിയിലാണ് എല്ലാ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കവർച്ചയുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് നാടൊട്ടുക്ക് പ്രചരിപ്പിച്ചിരുന്നു. ദൃശ്യങ്ങൾ കണ്ട് എറണാകുളം അങ്കമാലി മേഖലകളിൽ ഇവരെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിന് നൽകിയ സൂചനയാണ് ഇവരെ കുടുക്കിയത്.

കേരളത്തിന് പുറത്ത്

ഇന്ത്യയിൽ മുമ്പ് നാലുതവണ വന്നുപോയ ഇവർ മുംബയ്,​ ഗോവ എന്നിവിടങ്ങളിലും താമസിച്ചിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. ഇവിടങ്ങളിൽ സമാന തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അവിടുത്തെ പൊലീസിന്റെ സഹായത്തോടെ അന്വേഷിക്കുന്നുണ്ട്. ഇതുകൂടാതെ അങ്കമാലി,​ എറണാകുളം,​ മാഞ്ഞാലിക്കുളം എന്നിവിടങ്ങളിലും കവർച്ചാശ്രമം നടത്തിയിട്ടുള്ളതായി ഇവർ സമ്മതിച്ചിട്ടുണ്ട്. ഒരു സ്ഥലത്ത് കവർച്ച നടത്തിയാൽ അവിടത്തെ പ്രധാന നഗരത്തിലേക്ക് വിമാനമാർഗം രക്ഷപ്പെടുന്ന ദമ്പതികൾ അവിടെ നിന്ന് ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങും. കവർച്ചയിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് വിനിയോഗിക്കുന്നത്. കൈവശമുള്ള പണം തീരുമ്പോൾ വീണ്ടും തിരിച്ചെത്തി കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. കേരളത്തിൽ ഇവർ കോതമംഗലം- 2.75 ലക്ഷം, ആറ്റിങ്ങൽ-1.5 ലക്ഷം, കാരേറ്റ്- 58,000, മെഡിക്കൽ കോളേജ്- 30,000 രൂപ എന്നിങ്ങനെ തട്ടിച്ചെടുത്തു.

തട്ടിപ്പിന് മഹാരാഷ്ട്ര രജിസ്ട്രേഷൻ കാർ

തട്ടിപ്പിന് ഉപയോഗിച്ചത് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള പഴയ മോഡൽ കാർ. മാസങ്ങൾക്ക് മുമ്പ് ആറ്റിങ്ങലിലും മാമത്തും തട്ടിപ്പിനുപയോഗിച്ച കാർ അങ്കമാലിയിൽ നിന്ന് പൊലീസ് കണ്ടെത്തി. ടാക്സും ഇൻഷുറൻസുമെല്ലാം മുടക്കമായ കാർ വർഷങ്ങൾക്ക് മുമ്പ് മുംബയിൽ നിന്ന് വിലയ്ക്ക് വാങ്ങിയതായാണ് ഇവർ വെളിപ്പെടുത്തിയിട്ടുള്ളത്. കാറിന്റെ ഉടമയെ കണ്ടെത്താൻ മഹാരാഷ്ട്ര മോട്ടോർ വാഹന വകുപ്പിന്റെ സഹായം പൊലീസ് തേടി. ഇതിലെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെത്തിയാൽ താമസത്തിനായി തിരഞ്ഞെടുക്കുന്ന ഹോട്ടലിലാണ് കാർ സൂക്ഷിക്കുക. കവർച്ച ലക്ഷ്യമിടുന്ന നഗരത്തിൽ കാറിലെത്തുന്ന ഇവർ കാർ സുരക്ഷിതമായി ഒളിപ്പിച്ചശേഷം ആട്ടോയിലോ നടന്നോ സ്ഥാപനങ്ങളിലെത്തി കവർച്ച നടത്തിയശേഷം കാറിൽ രക്ഷപ്പെടുകയാണ് പതിവ്.