-sudhakaran

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തിൽ കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യ ചിത്രത്തിനെതിരെയാണ് ആരോപണം ഉയർന്നത്. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതേയായി, ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല' എന്ന പരാമർശം സ്ത്രീത്വത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം രംഗത്തെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതിയെ ഉദ്ദേശിച്ചാണ് ഇതെന്നാണ് ആരോപണം.

രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് വിവാദ പരാമർശം കടന്നുവരുന്നത്. 'ഇനി ഓൻ പോകട്ടെ, ഓൻ ആൺകുട്ടിയാ, പോയ കാര്യം സാധിച്ചിട്ടേ വരൂ' എന്നും ഒരു കഥാപാത്രം പറയുന്നു. തുടർന്ന് കെ. സുധാകരന് വോട്ട് ചെയ്യുക എന്നും ചിത്രം ആഹ്വാനം ചെയ്യുന്നു. പരസ്യ ചിത്രത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്.