1


കുളത്തൂർ:107-ാമത് ശ്രീശാരദ പ്രതിഷ്ഠയുടെയും 57- ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തിന്റെയും വാർഷികത്തോടനുബന്ധിച്ച് 18,19, 20 തീയതികളിൽ ധർമ്മ മീമാംസ പരിഷത്ത് എന്ന വിജ്ഞാനദാന യജ്ഞമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വർക്കല ശിവഗിരി മഠത്തിൽ ഉയർത്തുന്നതിനുള്ള ധർമ്മപതാക ഘോഷയാത്ര ശ്രീനാരായണഗുരു രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ നിന്ന് തിരിച്ചു. കോലത്തുകരയിലെ ഗുരുമന്ദിരത്തിന് സമീപം ഇന്നലെ രാവിലെ 10.30 ന് നടന്ന ധർമ്മപതാക ഘോഷയാത്ര സമ്മേളനം സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്ര സമാജം വൈസ് പ്രസിഡന്റ് അഡ്വ. എസ്. സതികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജു രമേശ്, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഡോ. കെ.സുശീല ടീച്ചർ, പരിഷത്ത് രജിസ്ട്രാർ റ്റി.വി.രാജേന്ദ്രൻ, ഇ.എം.സോമനാഥൻ, എ.ആർ. വിജയകുമാർ, കോലത്തുകര ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബു, ഡോ. വിജയൻ മുരുക്കുംപുഴ, കെ.എസ്. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗുരുമന്ദിരത്തിലെ പ്രത്യേക ഗുരുപൂജയ്ക്കും സമൂഹ പ്രാർത്ഥനയ്ക്കും ശേഷം ധർമ്മ പതാകയും കൊടിക്കയറും സ്വാമി പ്രകാശാനന്ദയുടെയും ഗുരുപ്രസാദ് സ്വാമിയുടെയും സാന്നിദ്ധ്യത്തിൽ സെക്രട്ടറി സതീഷ്ബാബു ഏറ്റുവാങ്ങി. പ്രത്യേകം അലങ്കരിച്ച ഘോഷയാത്ര രഥത്തിൽ ശിവഗിരിയിലേക്ക് തിരിച്ചു.