ചെന്നൈ: തമിഴകം ഇന്ന് വിധിയെഴുതുമ്പോൾ ദേശീയ രാഷ്ട്രീയ കക്ഷികൾ ആശങ്കയിലാണ്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുമ്പോൾ നിർണായകമാകുന്നത് തമിഴകത്തെ ദ്രാവിഡ കക്ഷികളുടെ നിലപാടാണ്. ഇത്തവണ അണ്ണാ ഡി.എം.കെ ബി.ജെ.പിക്കൊപ്പവും ഡി.എം.കെ കോൺഗ്രസിനൊപ്പവുമാണ്.
ബി.ജെ.പിയും പി.എം.കെയും ഡി.എം.ഡി.കെയുമൊക്കെയുള്ള അണ്ണാ ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണി ഒറ്റനോട്ടത്തിൽ ശക്തമാണ്. അണ്ണാ ഡി.എം.കെ മത്സരിക്കുന്ന 20 സീറ്റുകളിൽ പകുതിയോളം സ്ഥലങ്ങളിൽ ഈ കൂട്ടുകെട്ട് വോട്ട് നേടിക്കൊടുക്കും. പക്ഷെ, മുന്നണിയിലെ മറ്റ് കക്ഷികളുടെ നില അല്പം പരുങ്ങലിലാണ്. അഞ്ച് സീറ്റിൽ മത്സരിക്കുന്ന ബി.ജെ.പി സിറ്റിംഗ് സീറ്റായ കന്യാകുമാരിയിൽ കടുത്ത പോരാട്ടമാണ് നേരിടുന്നത്. കോയമ്പത്തൂരിലും രാമനാഥപുരത്തുമാണ് പാർട്ടിയുടെ പ്രതീക്ഷ. പട്ടാളി മക്കൾ കക്ഷി ഏഴ് സീറ്റിൽ മത്സരിക്കുന്നുണ്ടെങ്കിലും അൻപുമണി രാംദാസ് മത്സരിക്കുന്ന ധർമ്മപുരിയിൽ വെല്ലുവിളി നേരിടുന്നു. ജയലളിതയെ രൂക്ഷമായി വിമർശിച്ച രാംദാസിന്റെ പാർട്ടിയെ മുന്നണിയിലെടുത്തതു തന്നെ അണ്ണാ ഡി.എം.കെ അണികൾക്ക് ദഹിച്ചിട്ടില്ല. വിജയകാന്തിന്റെ ഡി.എം.ഡി.കെയും പി.എം.കെയും തമ്മിൽ ഇപ്പോഴും നല്ല സൗഹൃദത്തിലല്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോ.രാംദാസ് വിജയകാന്തിനെ സന്ദർശിച്ചപ്പോൾ എത്രത്തോളം മഞ്ഞുരുകിയെന്നത് മേയ് 23ന് അറിയാം.
ഒഴിഞ്ഞു മാറി, ഒളിഞ്ഞു വെട്ടി
പരമാവധി പരസ്പരം മത്സരിക്കാതെയാണ് രണ്ടു കക്ഷികളും ഇത്തവണ പോരടിക്കുന്നത്. പുതുച്ചേരിയുൾപ്പെടെ 40 സീറ്റുകളിൽ എട്ടിടത്തു മാത്രമാണ് ഡി.എം.കെയും അണ്ണാഡി.എം.കെയും നേർക്കുനേർ വരുന്നത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ദ്രാവിഡ വമ്പന്മാർ ഇത്രയും കുറവു മണ്ഡലങ്ങളിൽ നേരിട്ട് ഏറ്റുമുട്ടുന്നത് ഇതാദ്യം. അണ്ണാ ഡി.എം.കെ ഒറ്റയ്ക്കു മൽസരിച്ച കഴിഞ്ഞ തവണ ഇരു പാർട്ടികളും തമ്മിൽ 34 മണ്ഡലങ്ങളിൽ പോരടിച്ചു. ഇത്തവണ ഡി.എം.കെ, ശക്തികേന്ദ്രമായ വടക്കൻ തമിഴ്‌നാട്ടിലും അണ്ണാ ഡി.എം.കെ, തട്ടകമായ പടിഞ്ഞാറൻ തമിഴ്‌നാട്ടിലും കൂടുതൽ സീറ്റുകൾ തിരഞ്ഞെടുത്തു. എതിരാളികളെ അവരുടെ മടയിൽ കയറി പോരടിക്കാനുള്ള അവസരം സഖ്യകക്ഷികൾക്ക് നൽകി.
ദ്രാവിഡ പാർട്ടികളുടെ ബലഹീനത ഇത്തവണ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും ഗുണമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്കു മൽസരിച്ചപ്പോൾ കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും യഥാർത്ഥ ശക്തി വെളിപ്പെട്ടതാണ്. 39 സീറ്റുകളിൽ ഒറ്റയ്ക്കു മൽസരിച്ച കോൺഗ്രസിന് കെട്ടിവച്ച പണം തിരിച്ചു കിട്ടിയതു കന്യാകുമാരിയിൽ മാത്രം. ഡി.എം.കെയ്ക്കു സ്വന്തം ശക്തിയിലുള്ള ആത്മവിശ്വാസക്കുറവ് തുണച്ചപ്പോൾ കോൺഗ്രസിന് ഇക്കുറി മത്സരിക്കാൻ 10 സീറ്റ് കിട്ടി.
മധുര പ്രതീക്ഷയിൽ സി.പി.എം
ഒരു മുന്നണിയിലും ഇടം കിട്ടാതെ പോയ സി.പി.ഐയും സി.പി.എമ്മും കഴിഞ്ഞതവണ ഇടതു സഖ്യമായാണ് മൽസരിച്ചത്. സി.പി.എം 9 ഇടത്തും സി.പി.ഐ എട്ടിടത്തും മൽസരിച്ചു. സി.പി.എമ്മിന് ഒരിടത്തും നാൽപതിനായിരം വോട്ടുപോലും ലഭിച്ചില്ല. പാർട്ടിക്കു സ്വാധീനമുണ്ടെന്നു വിശ്വസിക്കുന്ന മധുരയിലും കോയമ്പത്തൂരുമെല്ലാം കോൺഗ്രസിനും പിന്നിൽ അഞ്ചാമതാണെത്തിയത്. നാഗപട്ടണത്ത് ഒരു ലക്ഷത്തിനടുത്ത് വോട്ടു നേടി മൂന്നാമതെത്തിയ സി.പി.ഐയായിരുന്നു തമ്മിൽ ഭേദം. സി.പി.എമ്മിന് ഇത്തവണ മധുരയും കോയമ്പത്തൂരും സി.പി.ഐയ്ക്ക് നാഗപട്ടണവും തിരുപ്പൂരുമാണു ലഭിച്ചത്. മധുരയിലാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
തമിഴ്‌നാട്ടിൽ കേരളത്തോടു ചേർന്നു കിടക്കുന്ന കോയമ്പത്തൂർ, കന്യാകുമാരി മണ്ഡലങ്ങളിൽ ഇത്തവണ ദേശീയ പോരാട്ടമാണ്. കോയമ്പത്തൂരിൽ ബി.ജെ.പിയും സി.പി.എമ്മും നേർക്കുനേർ ഏറ്റുമുട്ടുന്നു. കന്യാകുമാരിയിൽ കോൺഗ്രസും ബി.ജെ.പിയുമാണ് ഏറ്റുമുട്ടുന്നത്. മുസ്‌ലിം ലീഗിനു ലഭിച്ച ഏക സീറ്റിൽ പ്രധാന എതിരാളി ബിജെപി. മുസ്ലിം ലീഗ് ഇത്തവണ തമിഴ്‌നാട്ടിലും സ്വന്തം ചിഹ്നമായ ഏണിയിലാണ് മൽസരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
കമലിന്റേത് പരീക്ഷണം
ഇത്തവണ രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്ന സൂപ്പർതാരം കമൽഹാസനെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കമൽഹാസൻ, ടി.ടി.വി.ദിനകരൻ, അഴഗിരി എന്നിവരാണ് ഇത്തവണ സഖ്യങ്ങൾക്ക് തലവേദന സൃഷ്ടിക്കാൻ കെൽപ്പുള്ളവർ. തെക്കൻ തമിഴ്‌നാട്ടിൽ ദിനകരൻ അണ്ണാ ഡി.എം.കെ വോട്ടു ബാങ്കിലേക്കു കടന്നു കയറും. ഇതു മുന്നിൽ കണ്ട് തെക്ക് മൂന്നു സീറ്റിൽ മാത്രമാണ് അണ്ണാഡി.എം.കെ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. മധുരയിലും സമീപ പ്രദേശങ്ങളിലും അഴിഗിരിക്ക് പഴയ സ്വാധീനമില്ലെങ്കിലും തിരഞ്ഞെടുപ്പു കാലത്ത് അത്താഴം മുടക്കാനുള്ള കെൽപ്പുണ്ട്. മധുരയിലും സമീപപ്രദേശങ്ങളിലും സഖ്യകക്ഷികൾക്കു വിട്ടു നൽകി ഡി.എം.കെ മുൻകരുതൽ നടപടിയെടുത്തത് അതുകൊണ്ടാണ്.