വർക്കല: വേനൽ കടുത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വർക്കല താലൂക്കിൽ ജലമാഫിയ പിടിമുറുക്കുന്നതായി പരാതി.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസില്ലാതെ ടാങ്കുകൾ വച്ചുകെട്ടി പിക്കപ്പ്, ടെമ്പോ, മിനിലോറി എന്നിവ റോഡ് കൈയടക്കി മത്സരിച്ച് ഓടുകയാണ്. തലങ്ങും വിലങ്ങും ഒാടുന്ന ഇവ മലിനജലം വിതരണം ചെയ്യുന്നതായാണ് ആക്ഷേപം. വാട്ടർ അതോറിട്ടിയുടെ വാഹനം ഒഴിച്ചുള്ളവയ്ക്ക് ലൈസൻസ് നിർബന്ധമാണെന്നാണ് വ്യവസ്ഥ. വിതരണത്തിനുപയോഗിക്കുന്ന വാഹനത്തിന്റെ നമ്പർ ലൈസൻസിൽ രേഖപ്പെടുത്തണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ വാഹനത്തിലും വാട്ടർ ടാങ്കിലും കുടിവെള്ളമെന്ന് രേഖപ്പെടുത്തണം. കുടിവെളള സ്രോതസുകളിലെ വെളളം ആറ് മാസത്തിലൊരിക്കൽ അംഗീകൃത ലാബുകളിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇത്തരം വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് അധികാരമുണ്ട്. വർക്കല മേഖലയിൽ വിതരണത്തിനെത്തുന്ന കുടിവെള്ളത്തിന്റെ ഏറിയ പങ്കും തീരദേശ മേഖലകളിൽ നിന്നാണ് സംഭരിക്കുന്നത്. ആൾപാർപ്പില്ലാത്ത സ്വകാര്യ വളപ്പുകളിലെ ശുചീകരിക്കാത്ത കിണറുകൾ, കുളങ്ങൾ പോലുളള ഇതര ജലസ്രോതസുകൾ എന്നിവകളിൽ നിന്നും മലിനജലം ഹോസ് ഉപയോഗിച്ച് ടാങ്കറുകളിൽ നിറച്ച ശേഷം വിതരണം നടത്തി വരുന്നു. വെള്ളത്തിൽ ലവണാംശം, ഇരുമ്പിന്റെ അംശം എന്നിവയുടെ അരുചി അനുഭവപ്പെടുന്നതായി ഗുണഭോക്താക്കൾ പറയുന്നു. ഗ്രാമീണ മേഖലയിൽ ചെറുകിട കുടിവെളള പദ്ധതികൾ നിരവധി ഉണ്ടെങ്കിലും ഭൂരിഭാഗവും നിർജ്ജീവ അവസ്ഥയിലാണ്. ഇവ കാര്യക്ഷമമാക്കുന്നതിന് അതാത് പ്രാദേശിക ഭരണകൂടങ്ങൾ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. വേനൽകാലത്ത് പ്രതിഷേധം ശക്തമാകുമ്പോൾ മാത്രം നടപടി സ്വീകരിക്കാം എന്ന ന്യായം പറഞ്ഞ് തടിതപ്പുകയാണ് ബന്ധപ്പെട്ട അധികൃതർ.
മലിനജലം അമൂല്യം
വേനൽ കടുത്തതോടെ കിണറുകൾ ഒട്ടുമിക്കവയും വറ്റി വരണ്ടു. വാട്ടർ അതോറിട്ടിയുടെ ജലവിതരണ സംവിധാനവും പാടെ നിലച്ചു. വർക്കല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ജലവിതരണത്തിന് കർശന നിയന്ത്രണവും ഏർപ്പെടുത്തി. പത്ത് ദിവസം ഇടവിട്ട് മാത്രമെ ജലവിതരണം സാദ്ധ്യമാകൂ എന്നുള്ള മുന്നറിയിപ്പും പൊതുജനത്തിന്റെ വെള്ളം കുടിമുട്ടിക്കുകയാണ്. വാമനപുരം പദ്ധതി വഴിയുള്ള വെള്ളത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വർക്കല മേഖലയിൽ കൂടുതൽ പ്രതിസന്ധി നേരിടുകയാണ്.
ഇത്തരം പ്രതികൂല ഘടകങ്ങൾ മുതലെടുത്താണ് കുടിവെള്ള മാഫിയകളുടെ കടന്നു വരവ്. വൃത്തിഹീനമായി കിടക്കുന്ന കൈത്തോടുകൾ, കുളങ്ങൾ, മറ്റു നീർത്തടങ്ങൾ എന്നിവിടങ്ങളിൽ നിന്നും മലിനജലം ശേഖരിച്ച് കുടിവെള്ളമായി വിറ്റു വരുന്നതായി പരക്കെ ആക്ഷേപമുണ്ട്. അമിതവില നൽകി മലിനജലം വാങ്ങേണ്ട ഗതികേടിലാണ് പൊതുജനം. നിർമ്മാണമേഖല, ഹോട്ടൽ, റിസോർട്ടുകൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം മലിനജലം കുടിവെള്ളമായി വിതരണം ചെയ്തു വരുന്നതായി ആക്ഷേപമുണ്ട്.