കല്ലമ്പലം: പുതുശ്ശേരിമുക്ക് - വെള്ളല്ലൂർ - ചെമ്മരത്തുമുക്ക് റോഡിൽ മുന്നറിയിപ്പ് ബോർഡുകളോ അടയാളങ്ങളോ ഇല്ലാതെ അശാസ്ത്രീയമായി നിർമ്മിച്ച ഹമ്പുകൾ അപകടക്കെണിയാകുന്നതായി പരാതി. ഹമ്പുകളിൽ പെട്ടെന്ന് ബ്രേക്കിട്ടതുമൂലം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പത്തോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന പള്ളിക്കൽ സ്വദേശികളായ ദമ്പതികൾ അപകടത്തിൽപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സ്ഥിരം യാത്രക്കാരല്ലാത്തവർ ഹമ്പാണെന്നറിയാതെ പോകുമ്പോഴാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ഹമ്പുകൾ കണ്ട് പെട്ടെന്ന്‍ ബ്രേക്കിടുമ്പോൾ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ തട്ടിയും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇവിടെ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് പരിക്കേറ്റവർ നിരവധിയാണ്. പുതുശ്ശേരിമുക്കിൽ നിന്ന്‍ വെള്ളല്ലൂർ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് ഹമ്പുകളിലെ വരകൾ മാഞ്ഞിട്ട് മാസങ്ങളായി. ഇവിടെ കുത്തനെയുള്ള കയറ്റമാണ്. മാത്രമല്ല തോട്ടക്കാട് ഭാഗത്തേക്കും കല്ലമ്പലം ഭാഗത്തേക്കും വെള്ളല്ലൂർ നിന്ന് വരുന്ന വാഹനങ്ങൾ തിരിയുന്നതും ഇവിടെ നിന്നാണ്. രണ്ട് റോഡുകളിൽ നിന്നുമുള്ള വാഹനങ്ങൾ ഒരേ സമയത്തു വരുമ്പോൾ അപകടങ്ങളുണ്ടാകുന്നുണ്ട്. തേവലക്കാട് സ്കൂളിന് മുന്നിലെ റോഡിൽ അടുത്തടുത്താണ് ഹമ്പുകൾ നിർമിച്ചിട്ടുള്ളത്. പുതുശ്ശേരിമുക്ക് മുതൽ ചെമ്മരുത്തുമുക്ക് വരെയുള്ള ഭാഗങ്ങളിൽ വലിയ വളവുകളും ഇറക്കവും ഉള്ളതിനാൽ അപകടസാദ്ധ്യത ഏറെയാണ്. റോഡ് നവീകരിച്ച സമയത്ത് വളവുകൾ നിവർത്താൻ യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, ചെമ്മരത്തുമുക്ക് - വെള്ളല്ലൂർ റോഡിൽ കേശവപുരം ആശുപത്രിയിലേക്ക് പോകുന്ന ഭാഗത്ത് വലിയ വളവുണ്ട്. ഇവിടെ ഒരു ഹമ്പ് നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിച്ചിട്ടുമില്ല. നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് നടക്കുന്നത്. അപകടസാദ്ധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ ഹമ്പുകൾ സ്ഥാപിക്കുന്നതിനോടൊപ്പം മുന്നറിയിപ്പ് അടയാളങ്ങൾ കൂടി വേണമെന്നുള്ള ആവശ്യം ശക്തമാണ്.