തിരുവനന്തപുരം: അത്യുഷ്ണത്തിന് ശമനമേകി സംസ്ഥാനത്ത് വേനൽമഴയ്‌ക്ക് തുടക്കമായി. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരം മുതൽ വയനാട് വരെ ഇടിമിന്നലോടെ മഴ ലഭിച്ചു. വേനൽമഴ സാധാരണ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ലഭിക്കാറുള്ളതെങ്കിലും ഇന്നലെ വ്യാപകമായി പെയ്തു. ഇത് അടുത്ത അഞ്ച് ദിവസം കൂടി തുടരും. ജൂണിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുന്നത് വരെ വേനൽമഴ ഏറിയും കുറഞ്ഞും ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് പറഞ്ഞു. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ മഴ ലഭിച്ചില്ല.

മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനൽച്ചൂട് നാല് ഡിഗ്രി വരെ അധികം ഉയർന്നിരുന്നു. എന്നാൽ ചൂട് കൂടിയതിനു ശേഷമാണ് മഴയുണ്ടാകുന്നതെങ്കിൽ അന്തരീക്ഷ താപനിലയിൽ കാര്യമായ മാറ്റം ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാകേന്ദ്രം പറഞ്ഞു. വൈകിട്ടോ രാവിലെയോ പെയ്യുന്ന മഴ ചൂടിന്റെ കാഠിന്യം വലിയതോതിൽ കുറയ്‌ക്കും.

തെക്കുപടിഞ്ഞാറൻ ചതിക്കില്ല

തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി നല്ലരീതിയിൽ ലഭിക്കുമെന്നാണ് സൂചനകളെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ ആദ്യവാരം തന്നെ കാലവർഷമെത്തിയേക്കും. 96 മുതൽ 104 ശതമാനം വരെ വഴ കിട്ടുമെന്നാണ് പ്രതീക്ഷ. സാധാരണ ലഭിക്കുന്ന കാലവർഷവുമായി താരതമ്യം ചെയ്‌താണ് ശതമാനക്കണക്ക് നിശ്ചയിക്കുന്നത്. സമുദ്രജലോപരിതലത്തിലെ താപനില, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവിടങ്ങളിലെ പ്രതിഭാസങ്ങളും ന്യൂനമർദ്ദങ്ങളും മഴയുടെ തോതിനെ ബാധിക്കും. ന്യൂനമർദ്ദമുണ്ടായാൽ അത് മഴയുടെ തോത് കൂട്ടിയേക്കാം.