തിരുവനന്തപുരം: മംഗളൂരുവിൽ നിന്ന് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി എറണാകുളത്ത് ആംബുലൻസിൽ എത്തിച്ച സംഭവത്തെപ്പറ്റി ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പോസ്റ്റിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ബിനിൽ സോമസുന്ദരം എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് വർഗീയ പോസ്​റ്റിട്ടത്. ഇതിനെതിരെ അഭിഭാഷകനായ ശ്രീജിത് പെരുമന സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ബിനിൽ സോമസുന്ദരത്തിന്റെ പോസ്​റ്റ് സംബന്ധിച്ച് ഡി.ജി.പിയുടെ പ്രത്യേക സ്‌ക്വാഡാണ് അന്വേഷിക്കുന്നത്. പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹെടെക് സെൽ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായി ബിനിൽ സോമസുന്ദരം

പിന്നീട് പോസ്​റ്റ് ഇട്ടിരുന്നു. വിശദമായ അന്വേഷണത്തിന് പരാതി ഹൈടെക് സെല്ലിന് കൈമാറിയിട്ടുണ്ടെന്നും ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു.