ശിവഗിരി: ശാരദാപ്രതിഷ്ഠയുടെ 107-ാമത് വാർഷികവും 57-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും ഇന്ന് മുതൽ മൂന്ന് ദിവസം ശിവഗിരിയിൽ നടക്കും. ഗുരുദേവൻ രചിച്ച ഗദ്യ പ്രാർത്ഥനയുടെ ശതോത്തര രജതജൂബിലിയും ഗുരുപുഷ്പാഞ്ജലി മന്ത്റത്തിന്റെ രചനാശതാബ്ദിയും ഒത്തുവരുന്ന വേളയിലാണ് ഇക്കൊല്ലം പരിഷത്ത് നടക്കുന്നത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും ഗുരുധർമ്മ പ്രചരണസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് ധർമ്മമീമാംസാ പരിഷത്ത് സംഘടിപ്പിച്ചിട്ടുളളത്. ഇന്ന് രാവിലെ 4.30ന് ശാന്തിഹവനം, പൂജ, ഗുരുപൂജ എന്നിവയ്ക്കു ശേഷം 7.30ന് സ്വാമി പ്രകാശാനന്ദ പതാക ഉയർത്തുന്നതോടെയാണ് പരിഷത്ത് പരിപാടികൾ ആരംഭിക്കുന്നത്. 9.30ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിക്കും.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യ പ്രഭാഷണവും സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങളും നടത്തും. ഗുരുധർമ്മ പ്രചരണസഭയുടെ ഉപദേശക സമിതി ചെയർമാൻ കുറിച്ചിസദൻ, അമേരിക്കയിൽ അരിസോണയിലെ സഭായൂണിറ്റിന്റെ വൈസ് പ്രസിഡന്റ് വാഴൂർ വിജയൻ, സഭയുടെ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണാനന്ദ ബാബു, മാതൃസഭ പ്രസിഡന്റ് വി.എൻ. കുഞ്ഞമ്മ, സെക്രട്ടറി സരോജിനി, ഗുരുധർമ്മ പ്രചരണസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. സുശീല തുടങ്ങിയവർ സംസാരിക്കും. സഭ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ സ്വാഗതവും പി.ആർ.ഒ ഇ.എം. സോമനാഥൻ നന്ദിയും പറയും.
11.30 മുതൽ ഗുരുദേവകൃതിയായ കോലതീരേശസ്തവത്തെക്കുറിച്ച് പഠനക്ലാസ് സ്വാമി ധർമ്മചൈതന്യ നയിക്കും. കെ.എസ്. ജയിൻ സ്വാഗതവും സി.കെ. വിദ്യാധരൻ നന്ദിയും പറയും. 2ന് വാസുദേവാഷ്ടകത്തെക്കുറിച്ച് പഠനക്ലാസ് സ്വാമി ബോധിതീർത്ഥ നയിക്കും. ആറ്റിങ്ങൽ കൃഷ്ണൻകുട്ടി സ്വാഗതവും വിജയമോഹൻ നന്ദിയും പറയും. 3.40ന് ജനനീനവരത്നമഞ്ജരി ഒരു ആസ്വാദനം എന്ന വിഷയത്തിൽ പഠനക്ലാസ് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഡോ. കെ. ജയചന്ദ്രബാബു നയിക്കും. വി.കെ. ബാബു സ്വാഗതവും ചന്ദ്രൻ പുളിങ്കുന്ന് നന്ദിയും പറയും. 6.30ന് സമൂഹപ്രാർത്ഥന, മഹാസമാധിയിൽ സമാരാധന. രാത്രി 8.10ന് ബ്രഹ്മവിദ്യാർത്ഥി സമ്മേളനം സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം അദ്ധ്യക്ഷത വഹിക്കും. ബ്രഹ്മചാരിമാരായ അസംഗചൈതന്യ, അഖണ്ഡ ചൈതന്യ, അക്ഷരചൈതന്യ, സുമേഷ്, ജിനു എന്നിവർ സംസാരിക്കും. എസ്. ശശാങ്കൻ സ്വാഗതവും കെ. ചന്ദ്രശേഖരൻ നന്ദിയും പറയും.