photo

പാലോട്: നന്ദിയോട്ട് കഞ്ചാവ് വില്പനസംഘങ്ങൾ നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കുന്നതായി പരാതി. വിഷു ദിനത്തിൽ ആലംപാറ ഊളൻകുന്നിൽ നാലംഗ സംഘം മുഖം മൂടി ധരിച്ച് വീടുകൾ അടിച്ചുതകർത്ത സംഭവത്തിനു പിന്നിൽ ഇക്കൂട്ടരാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. എതിരാളികളെ പതിയിരുന്നാക്രമിക്കുന്നതും പരസ്പരം ഏറ്റുമുട്ടുന്നതും കുടുംബാംഗങ്ങളെ ആക്രമിക്കുക്കുന്നതും കവലകളിൽ വടിവാളും മാരകായുധങ്ങളും കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും ഇവരുടെ പതിവാണ്. ഊളൻകുന്നിൽ ബി.ജെ.പി പ്രവർത്തകനും ആർ.എസ്.എസ് ശാഖാ ഗഢ പ്രമുഖുമായ അനിൽകുമാറിന്റെയും അയൽവാസികളായ രതീഷ്, രാജൻ എന്നിവരുടെയും വീടുകളാണ് കഴിഞ്ഞദിവസം രാത്രി ആക്രമിക്കപ്പെട്ടത്. കതകും ജനലുകളും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി നശിപ്പിച്ചു. അനിൽകുമാറിന്റെ പൾസർ ബൈക്കും തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാരക്കുന്ന് സ്വദേശിയായ മിഥുൻ മുഖ്യപ്രതിയായി പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാവുമെന്നും നന്ദിയോട് സ്വദേശി മനുവാണ് കേസിലെ പ്രതിയെന്ന പ്രചാരണം ശരിയല്ലെന്നും പൊലീസ് വെളിപ്പെടുത്തി. നിരവധി പരാതികൾ മിഥുനിനെതിരെ ലഭിച്ചിട്ടുണ്ടെന്ന് പാലോട് സി.ഐ ഷിബുകുമാർ പറഞ്ഞു. കുടവനാട് ശ്രീദുർഗ ദേവീക്ഷേത്രത്തിൽ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് മിഥുനെയും സംഘത്തിനെയും അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പക തീർക്കാനാണ് വീടുകൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പിയുടെ ബൂത്ത് കാര്യാലയം തകർത്തതുമായി ബന്ധപ്പെട്ടും പ്രതികൾക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. നന്ദിയോട്, പെരിങ്ങമ്മല, പച്ച, ആറ്റിൻപുറം, പാണയം, കുടവനാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. പ്രദേശവാസികളായ നിരവധി പേർ അബ്‌കാരി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാണ്. കുട്ടികൾക്കിടയിൽ കഞ്ചാവ് ഉപയോഗവും കൈമാറ്റവും ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനമെന്നും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സമരരംഗത്ത് ഇറങ്ങുമെന്ന് നന്ദിയോട് മണ്ഡലം പ്രസിഡന്റ് എൻ.സി ചന്ദ്രദാസ് അറിയിച്ചു.