തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് അനുഷ്ഠാനകലയുടെ ആചാരപ്പെരുമയുമായി വേലകളി അരങ്ങേറി. പാണ്ഡവശില്പ വേഷങ്ങൾക്ക് മുന്നിൽ അങ്കച്ചമയവുമായാണ് അമ്പലപ്പുഴ സംഘത്തിന്റെ വേലകളി നടന്നത്. മലവേട വേഷത്തിൽ ചുമപ്പുതുണി തലയിൽ കെട്ടി കഴുത്തിൽ പാശിമാലയണിഞ്ഞ് പരിചയും ചുരികക്കോലുമേന്തിയാണ് കളിക്കാർ അണിനിരന്നത്. മദ്ദളം, കൊമ്പ്, ഇലത്താളം, വീക്കൻ ചെണ്ട എന്നിവയുടെ പഞ്ചാരിമേളം ചുവടുവയ്പിന് താളമേകി. അമ്പലപ്പുഴ രാജീവ് പണിക്കരുടെ നേതൃത്വത്തിൽ കുട്ടികളടക്കം നൂറോളം കലാകാരൻമാർ വേലകളിയിൽ പങ്കെടുത്തു. പദ്മതീർത്ഥക്കരയിൽ നടന്ന വേലകളി കാണാൻ നിരവധിപേർ എത്തിയിരുന്നു. വനവാസകാലത്ത് പാണ്ഡവൻമാർ അനന്തൻകാട്ടിൽ താവളമടിച്ചിരുന്നെന്നും അവരെ നേരിടാൻ ആയുധവുമായി കൗരവർ എത്തിയെന്നും ഭീമസേനൻ അവരെ തുരത്തിയെന്നുമാണ് വേലകളിയുടെ ഐതിഹ്യം. ഇതിന്റെ ഓർമ്മയ്ക്കായാണ് പദ്മതീർത്ഥക്കരയിൽ പൈങ്കുനി ഉത്സവത്തിന് പാണ്ഡവശില്പങ്ങൾ ഒരുക്കുന്നത്. ഈ ശില്പങ്ങൾക്ക് മുന്നിലാണ് മലവേട വേഷത്തിൽ കൗരവരെ പ്രതീകാത്മകമായി അവതരിപ്പിച്ച് വേലകളി അരങ്ങേറുന്നത്.
ചിത്തിര തിരുനാൾ സ്മാരക സാംസ്‌കാരിക സമിതിയാണ് കഴിഞ്ഞ ഒമ്പത് വർഷമായി കിഴക്കേനടയിൽ വേലകളി അവതരിപ്പിക്കുന്നത്. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ വേലകളിക്ക് തിരി തെളിച്ചു. വേലകളിക്കു മുമ്പ് പാഞ്ചജന്യം മണ്ഡപത്തിൽനിന്നു കിഴക്കേനടയിലേക്ക് വിളംബരഘോഷയാത്ര നടന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ആർ.എസ്. വിജയമോഹൻ, സമിതി ഭാരവാഹികളായ രമേശ് കിഴക്കേനട, രാജേഷ് അയ്യർ തുടങ്ങിയവർ പങ്കെടുത്തു. പൈങ്കുനി ഉത്സവം പ്രമാണിച്ച് ഇന്നലെ വലിയ കാണിക്ക ചടങ്ങ് നടന്നു. ഭക്തജനങ്ങൾ ശ്രീപദ്മനാഭന് കാണിക്ക സമർപ്പിച്ചു. പള്ളിവേട്ട ഇന്നു നടക്കും. നാളെയാണ് ആറാട്ട്.