തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീലവീഴാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ കൂടുതൽ ചടുലവും തീവ്രവുമാക്കാൻ സ്ഥാനാർത്ഥികൾ ഉൗർജ്ജസ്വലതയോടെ രംഗത്തിറങ്ങി. ഇന്നലെ അപ്രതീക്ഷിതമായി പെയ്ത വേനൽമഴ സ്ഥാനാർത്ഥികൾക്ക് കടുത്ത ചൂടിൽ നിന്ന് ആശ്വാസം നൽകി. മഴയത്തും പ്രചാരണത്തിന് വിശ്രമം നൽകാതെയാണ് പല സ്ഥാനാർത്ഥികളും പര്യടനം നടത്തിയത്. തുലാഭാരത്രാസ് വീണ് പരിക്കേറ്റ തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ മാത്രമാണ് ഇന്നലെ പര്യടനത്തിൽ നിന്ന് വിട്ടുനിന്നത്. ശശി തരൂരിന്റെ പ്രചാരണത്തിനായി ഇന്ന് രാവിലെ 10.30ന് ബീമാപള്ളിയിൽ നടക്കുന്ന പൊതുയോഗത്തിൽ ലീഗ് ദേശീയ സമിതി അംഗം പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കും.നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈകിട്ട് നാലിന് പാറശാല മണ്ഡലത്തിലെ പെരുങ്കടവിളയിലും, അഞ്ചിന് കോവളം മണ്ഡലത്തിലെ ബാലരാമപുരത്തും, ആറിന് കഴക്കൂട്ടത്തും, ഏഴിന് തിരുവനന്തപുരം മണ്ഡലത്തിലെ വള്ളക്കടവിലും നടക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ശനിയാഴ്ച തിരുവനന്തപുരം, അറ്റിങ്ങൽ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് പൊതുയോഗങ്ങളിൽ പ്രസംഗിക്കും. ശനിയാഴ്ച വൈകിട്ട് 4ന് നെയ്യാറ്റിൻകരയിലും, 5.30ന് വട്ടിയൂർക്കാവിലും, 6.30ന് ആറ്റിങ്ങലിലും നടക്കുന്ന യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക. ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് സ്ഥാനാർത്ഥി പര്യടനത്തിന് ഇന്നലെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്നലെ കല്ലറ, ആനാട്, വെള്ളനാട് പഞ്ചായത്തുകളിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. രാവിലെ കല്ലറ പാങ്ങോട് യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ചു. ശബരീനാഥൻ എം.എൽ.എ, നേതാക്കളായ ഇ. ഷംസുദ്ദീൻ, അഡ്വ. അനിൽകുമാർ, ആനാട് ജയൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. എൻ.ഡി.എയുടെ പ്രചാരണത്തിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും. വൈകിട്ട് ആറിന് സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും പങ്കെടുക്കും. കോരിച്ചൊരിയുന്ന മഴയത്ത് ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ചിറയിൻകീഴിൽ പര്യടനം നടത്തി. മുദാക്കൽ പഞ്ചായത്തിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്.
തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആക്കുളം, ടെക്നോപാർക്ക്, മെഡിക്കൽ കോളേജ് പ്രദേശങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. ഇടതുമുന്നണിയുടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി സി. ദിവാകരൻ ഇന്നലെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. നാലുതവണ മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കിയ ദിവാകരൻ വിട്ടുപോയ സ്ഥലങ്ങളിലാണ് അഞ്ചാംവട്ടം പര്യടനം നടത്തുന്നത്. ജനതാദൾ എസ് ദേശീയ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് ഇന്നു മുതൽ മൂന്ന് ദിവസം മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 18ന് രാവിലെ 8ന് കള്ളിക്കാട് പഞ്ചായത്തിലെ മഞ്ചാടിമൂട്ടിൽ നിന്നും ആരംഭിക്കുന്ന പര്യടനം വൈകിട്ട് 5.30ന് പഴയകടയിൽ സമാപിക്കും. 20ന് രാവിലെ 9ന് തിരുമലയിൽ നിന്നും ആംഭിക്കുന്ന പര്യടനം 11.30ന് നെടുങ്കാട് സമാപിക്കും.ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എ. സമ്പത്ത് ഇന്നലെ വാമനപുരം മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.