# രണ്ടാംപാദത്തിലും മാഞ്ചസ്റ്റർ യുണൈറ്റ്സിനെ കീഴടക്കി ബാഴ്സലോണ സെമിയിൽ
# രണ്ടാംപാദത്തിൽ ബാഴ്സ ജയം 3-0 ത്തിന്, മെസിക്ക് ഇരട്ട ഗോൾ
ആദ്യ പാദം
മാഞ്ചസ്റ്റർ യു. 0 - ബാഴ്സലോണ
രണ്ടാം പാദം
ബാഴ്സലോണ 3 - മാഞ്ചസ്റ്റർ യു. 0
ബാഴ്സലോണ : മനം നിറയെ പ്രതീക്ഷകളുമായി മെസിയുടെ മടയിൽ ചെന്നിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ദാരുണാന്ത്യം. കഴിഞ്ഞ രാത്രി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിലും ഇംഗ്ളീഷ് ക്ളബിനെ ചുരുട്ടിക്കെട്ടി ബാഴ്സലോണ അവസാന നാലിലേക്ക് കാലെടുത്തുവച്ചു,
ആദ്യ പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്ന ബാഴ്സലോണ രണ്ടാം പാദത്തിൽ ജയിച്ചത് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക്. ഇതിൽ രണ്ടെണ്ണം സാക്ഷാൽ ലയണൽ മെസി വക. ഒന്ന് ഫിലിപ്പ് കുടീഞ്ഞോയുടേതും. മെസിയുടെ മാജിക്കിന് മുന്നിൽ കണ്ണ് മങ്ങിപ്പോയ സ്വന്തം ഗോളി ഡേവിഡ് ഡിഗിയയുടെ മണ്ടത്തരവും കൂടിയായപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കദനകഥ പൂർണം.
മത്സരം തുടങ്ങി 20 മിനിട്ടിനുള്ളിൽ മെസി രണ്ട് ഗോളുകളും നേടിയിരുന്നു. 16-ാം മിനിട്ടിലായിരുന്നു ആദ്യ ഗോൾ. 20-ാം മിനിട്ടിൽ അടുത്തത്. ആദ്യ പകുതിയിൽ ഈ ഗോളുകൾക്ക് ലീഡ് ചെയ്തു. 61-ാം മിനിട്ടിലാണ് ഫിലിപ്പ് കുടീഞ്ഞോ പട്ടിക പൂർത്തിയാക്കിയത്.
16-ാം മിനിട്ടിൽ ആഷ്ലി യംഗിന്റെ പ്രതിരോധപ്പിഴവിൽ നിന്ന് പന്തു തട്ടിയെടുത്ത മെസി ക്രിസ്‌സ് മാളിംഗിനെ കബളിപ്പിച്ചാണ് ഡിഗിയ കാത്ത വല ചലിപ്പിച്ചത്. നാലു മിനിട്ടിന് ശേഷം തന്റെ മുന്നിൽ പന്തുമായെത്തിയ മെസിയെ സ്വതന്ത്രമായി വിഹരിക്കാൻ വിട്ട ഡിഗിയ അതിന്റെ പരിണിത ഫലം ഗോളിന്റെ രൂപത്തിൽ ഏറ്റുവാങ്ങിയപ്പോൾതന്നെ മത്സരത്തിന്റെ വിധി കുറിക്കപ്പെട്ടിരുന്നു.
61-ാം മിനിട്ടിലെ കുടീഞ്ഞോയുടേതായിരുന്നു. മത്സരത്തിലെ മികച്ചപ്പോൾ. 25 വാര അകലെ നിന്ന് ജോർഡി ആൽബയുടെ പാസ് സ്വീകരിച്ച് ഓടിക്കയറിയ കുടീഞ്ഞോ പ്രതിരോധം തീർക്കാനെത്തിയ സ്മാളിംഗിന്റെ കോട്ടയ്ക്ക് ഇടയിലെ വിടവിലൂടെ വലയുടെ മൂലയിലേക്ക് പന്തടിച്ചു കയറ്റുകയായിരുന്നു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന പ്രതീക്ഷയും നഷ്ടമായി.
2014 - 15 ന് ശേഷം ആദ്യമായാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്തുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ പുറത്താകുന്നത് ഇത് ഏഴാം തവണയാണ്.
2013 ന് ശേഷം ആദ്യമായാണ് മെസി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഗോളടിക്കുന്നത്.