ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനെ തോൽപ്പിച്ച് അയാക്സ് ചാമ്പ്യൻസ് ലീഗ് സെമിയിൽ
കഴിഞ്ഞ രാത്രി ഇറ്റാലിയൻ നഗരമായ ടൂറിനിലെ അലിയൻസ് സ്റ്റേഡിയത്തിൽ അടർന്നു വീണത് യുവന്റസ് ക്ളബിന്റെ സ്വപ്നങ്ങളാണ്. നിരവധി സീസണുകൾ തുടർച്ചയായി ഇറ്റാലിയൻ ലീഗിലെ ഒന്നാം സ്ഥാനക്കാരായി വിഹരിക്കുന്ന യുവന്റസ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് എന്ന മോഹസാക്ഷാത്കാരത്തിനായി കഴിഞ്ഞ സീസണിൽ വലിയൊരു ഇടപെടൽ നടത്തി. മൂന്ന് സീസണുകൾ തുടർച്ചയായി റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന മാന്ത്രികനെ മോഹവില കൊടുത്ത് റയൽ മാഡ്രിഡിൽ നിന്ന് റാഞ്ചി. ക്രിസ്റ്റ്യാനോയുടെ ചിറകിലേറി 1996 ന് ശേഷമുള്ള യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ കിരീടം തേടി അവരുടെ പ്രയാണത്തിനാണ് ഇന്നലെ ക്വാർട്ടർ ഫൈനലിൽ തിരശീല വീണിരിക്കുന്നത്.
പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിന്റെ സ്വപ്നങ്ങൾ തച്ചുടച്ച് എത്തിയവരാണ് പഴയ ഡച്ച് പടക്കുതിരകളായ അയാക്സ്. തങ്ങളുടെ തട്ടകത്തിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനലിൽ 1-1 ന് സമനില നേടിയശേഷം യുവന്റ്സിന്റെ കളിമുറ്റത്തെത്തി 2-1 ന്റെ വിജയം നേടി 3-2 എന്ന ഗോൾ മാർജിനിലാണ് 13 വർഷത്തിന് ശേഷം അവർ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്.
ചാമ്പ്യൻസ് ലീഗ് എന്ന ഒറ്റ സ്വപ്നത്തിനു വേണ്ടിയാണ് യുവന്റ്സ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. ക്വാർട്ടറിന്റെ ഇരുപാദങ്ങളിലേതുമുൾപ്പെടെ സീസണിൽ ആറ് ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ നേടിയ ക്രിസ്റ്റ്യാനോ തന്റെ ഭാഗം മോശമാക്കിയെന്ന് പറയാനാവില്ല. എന്നാൽ ഫുട്ബാൾ ഒരു ടീം ഗെയിമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് അയാക്സിന്റെയും നിര സെമിയിലേക്ക് മാർച്ച് ചെയ്യുന്നു.
ഒരു വശത്ത് ക്രിസ്റ്റ്യാനോ തന്റെ തകർന്ന സ്വപ്നത്തിന്റെ അവശേഷിപ്പുകളിൽ മുഖം താഴ്ത്തുമ്പോൾ, ബാഴ്സലോണയിൽ മെസി ഇരട്ട ഗോളുകളുടെ അകമ്പടിയോടെ സെമി ഫൈനൽ പ്രവേശനം ആഘോഷിക്കുന്നു. വിരുദ്ധ വികാരങ്ങളുടെ പാരമ്യതയിൽ ഈ ലോകം കണ്ട രണ്ട് ഫുട്ബാൾ പ്രതിഭകൾ....
ആദ്യപാദം
അയാക്സ് 1 - യുവന്റ്സ് 1
രണ്ടാംപാദം
യുവന്റ്സ് 1 - അയാക്സ് 2
ഗോൾ മാർജിൻ 3-2
ടൂറിൻ : ടൂറിൻ നഗരത്തെ കണ്ണീർപ്പുഴയിൽ കുളിപ്പിച്ച് ഡച്ചുകാർ മടങ്ങിയിട്ട് മണിക്കൂറുകളായിട്ടുണ്ടാകും. എങ്കിലും ആ മരവിപ്പിൽ നിന്ന് യുവന്റസും അതിന്റെ ആരാധകരും മാത്രമല്ല ഇറ്റാലിയൻ ഫുട്ബാൾ ലോകവും ഇനിയും ഉണർന്നിട്ടില്ല.
പരിക്കിൽ നിന്നെണീറ്റ് പടപൊരുതാനെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 28-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ നേടിയ ഗോളിന് സെമിയിലേക്കുള്ള വാതിൽ തുറന്നുവെന്ന് കരുതിയ യുവെ ആരാധകരുടെ ഇടനെഞ്ചിലേക്കാണ് രണ്ട് വെള്ളിടികൾ വെട്ടിയിറങ്ങിയത്. 34-ാം മിനിട്ടിലും 67-ാം മിനിട്ടിലും. ആ ആഘാതത്തിൽ നിന്ന് യുവന്റസ് ഉണർന്നില്ല. ഈ സീസൺ ചാമ്പ്യൻസ് ലീഗിലേക്കെങ്കിലും നിത്യ നിദ്രയിലേക്ക്.
ആംസ്റ്റർ ഡാമിൽ നടന്ന ആദ്യപാദത്തിൽ 1-1 ന് സമനില വഴങ്ങിയ യുവന്റസ് എവേ ഗോളിന്റെ ആനുകൂല്യവുമായാണ് ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ രണ്ടാം പാദത്തിനിറങ്ങിയത്. കഴിഞ്ഞ മാസം സ്വന്തം രാജ്യത്തിനായി സൗഹൃദ മത്സരം കളിക്കവേ പരിക്കേറ്റ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിനായി മടങ്ങിയെത്തി. 28-ാം മിനിട്ടിൽ പ്യാപിച്ച് തൊടുത്ത ഒരു കോർണർ കിക്കിന് സ്വതസിദ്ധ ശൈലിയിൽ ഉയർന്നു ചാടി തലവച്ച് വലകുലുക്കി ക്രിസ്റ്റ്യാനോ യുവെയെ മുന്നിലെത്തിക്കുകയും ചെയ്തു.
എന്നാൽ ആറ് മിനിട്ടുകൾ മാത്രമായിരുന്നു ആ ലീഡിന് ആയുസ്. 34-ാം മിനിട്ടിൽ യുവെയെ ഞെട്ടിച്ച് വാൻഡി ബീക്കിലൂടെ ആദ്യ ബോംബ് വീണു. ഇടതു വിംഗിൽ നിന്ന് സിയേഷ് നൽകിയ ക്രോസ് ഗോളി ഷ്വാഷെൽസ്‌ഡിയെ വെട്ടിച്ച് വലയിടിലിടുകയായിരുന്നു വാൻ ഡിബീക്ക്. സ്കോർ 1-1.
67-ാം മിനിട്ടിലായിരുന്നു രണ്ടാമത്തെ ബോംബ്. അയാക്സിന്റെ 19 കാരനായ നായകൻ ഡിലെറ്റിന്റെ തകർപ്പനൊരു ഹെഡറാണ് ഗാലറിയെ നിശബ്ദമാക്കി വല തുളച്ചത്. ഷോണെയുടെ കോർണറാണ് ഗോളിലേക്കുള്ള വഴി തുറന്നത്.
ആദ്യ പകുതിയിൽ ഇഞ്ചോടിച്ച് പൊരുതിയ യുവന്റസിനെ രണ്ടാം പകുതിയിൽ പാസിംഗ് ഗെയിമിലൂടെ വട്ടം കറക്കി അയാക്സ് ചരിത്രത്തിന്റെ ഇതൾ വഴികളിൽ ഒരിക്കൽക്കൂടി തങ്ങളുടെ പേര് കുറിക്കുകയായിരുന്നുണ 79-ാം മിനിട്ടിൽ ഒരിക്കൽക്കൂടി യുവെ വലകുലുങ്ങിയെങ്കിലും വീഡിയോ റഫറി അതനുവദിച്ചില്ല. തോൽവിയുടെ നിരാശയിൽ അവസാന നിമിഷങ്ങളിൽ കാട്ടിയ വെപ്രാളത്തിന് മഞ്ഞക്കാർഡുമേറ്റുവാങ്ങി. ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ ക്രിസ്റ്റ്യാനോയുടെ അവസാന മത്സരത്തിന് കൊടിയിറങ്ങി.
2010
ന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാത്ത ചാമ്പ്യൻസ് ലീഗ് സെമി ഫൈനലാണ് ഇക്കുറി.
2015 ന് ശേഷം ചാമ്പ്യൻസ് ലീഗ് വിജയിയായി ക്രിസ്റ്റ്യാനോ ഇല്ലാത്ത വർഷം.
1996/97
ന് ശേഷം ആദ്യമായാണ് അയാക്സ് ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തുന്നത്.
1996/97
ലാണ് യുവന്റസ് അവസാനമായി ചാമ്പ്യൻസ് ലീഗ് നേടുന്നത്. അന്ന് ഫൈനലിൽ കീഴടക്കിയത് അയാക്സിനെയായിരുന്നു.
2004-05
സീസണിൽ പി.എസ്.വിക്ക് ശേഷം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്തുന്ന ആദ്യ ഡച്ച് ക്ളബാണ് അയാക്സ്.
ഡച്ച് ഡി ലൈറ്റ്
ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അയാക്സ് ക്യാപ്ടൻ മത്തീസ് ഡി ലൈറ്റ് ചരിത്രം കുറിച്ചു. 19 വർഷവും 246 ദിവസവുമാണ് ഡിലൈറ്റിന്റെ പ്രായം.