വർക്കല: ഗ്രാമപഞ്ചായത്തുകളുടെ സേവനം കൂടുതൽ വ്യാപിപ്പിക്കാൻ വാർഡ് തലത്തിൽ സേവാഗ്രാം ആരംഭിക്കണമെന്ന സർക്കാർ നിർദ്ദേശം ജില്ലയിൽ പലയിടത്തും ഉത്തരവിൽ മാത്രമൊതുങ്ങി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) വിഭാവനം ചെയ്‌ത പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകുകയായിരുന്നു. പഞ്ചായത്ത് ഓഫീസ് പ്രവർത്തനം വിപുലപെടുത്തുന്നതിന് സേവാഗ്രാം കേന്ദ്രം വാർഡ് തോറും സ്ഥാപിക്കാനായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി പൂർത്തീകരിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനായി സേവാഗ്രാമത്തിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദമായ മാർഗരേഖയും ഉത്തരവിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. സേവാഗ്രാമിന്റെ നടത്തിപ്പ് സംബന്ധിച്ചുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും നൽകിയതുമാണ്. എന്നാൽ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ പലയിടത്തും സേവാഗ്രാം നിലവിൽ വന്നതുപോലുമില്ല. തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തനം പാതിവഴിയിൽ നിലയ്‌ക്കുകയുമായിരുന്നു. സേവന തലത്തിൽ ഏറെ കാര്യക്ഷമമായ ഇടപെടലിന് സാദ്ധ്യതയുള്ള സംരംഭമാണ് അധികൃതരുടെ അനാസ്ഥകാരണം ഇനിയും നടപ്പാക്കാനാകാതെ പോകുന്നത്.
പദ്ധതിയെക്കുറിച്ച്
-----------------------------------
ഗ്രാമ സേവനം എന്ന ഗാന്ധിജിയുടെ ആശയം യാഥാർത്ഥ്യമാക്കാൻ ആരംഭിച്ച ഗ്രാമവികസന പഠന - പരിശീലന സേവന കേന്ദ്രമാണ് സേവാഗ്രാം. കുടിവെള്ളം, ശുചിത്വപാലനം, പാർപ്പിടം, നിർമ്മാണം, ഗ്രാമവ്യവസായം എന്നിവ പ്രാവർത്തികമാക്കുക എന്നതായിരുന്നു സേവാ ഗ്രാമിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്തിന് കീഴിൽ വാർഡിൽ നടക്കുന്ന ഭരണ, വികസന, ക്ഷേമ, സേവന, സാമൂഹിക പ്രവർത്തനങ്ങൾ ചർച്ചചെയ്‌ത് വിലയിരുത്തുന്നതിനും, വാർഡ് വികസന സമിതിയെ സഹായിക്കുന്നതിനും കൂടിയാണ് സേവാഗ്രാം പദ്ധതി ആവിഷ്‌കരിച്ചത്. പഞ്ചായത്ത് ഓഫീസിന്റെ എക്സ്റ്റൻഷൻ കേന്ദ്രമായും സേവാഗ്രാം പ്രവർത്തിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു,
തീരുമാനങ്ങൾ
-------------------------------
ആഴ്ചയിൽ 5 ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ
7 വരെ കേന്ദ്രത്തിന്റെ പ്രവർത്തന സമയം
കെട്ടിടങ്ങൾ വാടകയെടുത്ത് പ്രവർത്തിക്കാനും
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും
പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി
സേവനം
-------------------
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശാ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ,
വി.ഇ.ഒ, കൃഷി അസിസ്റ്റന്റ്, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ, എസ്.സി, എസ്.ടി ഉദ്യോഗസ്ഥർ, സാക്ഷരതാ പ്രേരക് എന്നിവരുടെ
സേവനങ്ങൾ ഈ കേന്ദ്രങ്ങൾ വഴി നൽകാനും തീരുമാനിച്ചിരുന്നു.
പദ്ധതി ആവിഷ്‌കരിച്ചത് - 2014ൽ