അമ്പാട്ടി, പന്ത് സെയ്‌നി സ്റ്റാൻഡ് ബൈ ലിസ്റ്റിൽ
മുംബയ് : ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട അമ്പാട്ടി റായ്ഡു, ഋഷഭ് പന്ത്, നവ് ദീപ് സെയ്‌നി എന്നിവരെ ടീമിലുള്ളവർക്ക് പരിക്കേറ്റാൽ ഉൾപ്പെടുത്താനുള്ള സ്റ്റാൻഡ് ബൈ ആയി ബി.സി.സി.ഐ പ്രഖ്യാപിച്ചു.
15 അംഗ ടീമിൽ നിന്ന് അമ്പാട്ടിയെയും പന്തിനെയും ഒഴിവാക്കിയത് ഏറെ വിമർശനം സൃഷ്ടിച്ച സാഹചര്യത്തിലാണ് ബി.സി.സി.ഐ സ്റ്റാൻഡ് ബൈ ലിസ്റ്റ് പുറത്തിറക്കിയത്. അതേസമയം ടീമിന് നെറ്റ് പ്രാക്ടീസിൽ പന്തെറിയാനായി ഖലീൽ അഹമ്മദ്, ആവേഷ് ഖാൻ, ദീപക് ചഹർ എന്നിവരെ ഇംഗ്ളണ്ടിലേക്ക് കൊണ്ടുപോകും.
അമ്പാട്ടിക്കെതിരെ നടപടിയില്ല
ചെന്നൈ : തന്റെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച അമ്പാട്ടി റായ്ഡുവിനെതിരെ നടപടിയെടുക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. അമ്പാട്ടിക്ക് പകരം വിജയ് ശങ്കറെ ടീമിലെടുത്തത് ബാറ്റ്സ്‌മാൻ, ബൗളർ, ഫീൽഡർ എന്നിങ്ങനെ മൂന്ന് ഡയമൻഷനിലും പ്രയോജനപ്പെടും എന്നതിനാലാണെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണം ലോകകപ്പ് കാണാൻ ത്രീഡി കണ്ണടയ്ക്ക് ഓർഡർ ചെയ്തുവെന്നാണ് അമ്പാട്ടി ട്വിറ്ററിൽ കുറിച്ചത്.
ഋഷഭിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത് എനിക്ക് വലിയ അദ്ഭുതമായി തോന്നി. 15 അംഗ ടീമിലല്ല, പ്ളേയിംഗ് ഇലവനിൽ ഉറപ്പായും ഉണ്ടാകേണ്ടയാളാണ് ഋഷഭ്. ഋഷഭിന്റെ ബാറ്റിംഗാണ് ഇന്ത്യയെയും മറ്റ് ടീമുകളെയും വേർതിരിക്കുന്ന ഘടകം.
റിക്കിപോണ്ടിംഗ്
17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ളണ്ട്
ലണ്ടൻ : ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ളണ്ട് ഈ പരമ്പരയിൽ മികവ് കാട്ടുന്നവരെ ഉൾപ്പെടുത്തി ഈ മാസം 23 ന് മുമ്പ് 15 അംഗ ടീമിനെ പ്രഖ്യാപിക്കും. ഇയോൻ മോർഗനാണ് ഇംഗ്ളണ്ട് ക്യാപ്ടൻ.
ലങ്കയെ നയിക്കാൻ കരുണ രത്നെ
കൊളംബോ : ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിന്റെ നായകനായി ദി മുത്ത് കരുണ രത്നെയെ നിയമിച്ചു. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ലസിത് മലിംഗയായിരുന്നു ലങ്കൻ ക്യാപ്ടൻ. എന്നാൽ ഏകദിന പരമ്പര 0-5 നും ട്വന്റി - 20 പരമ്പര 0-2 നും തോറ്റതോടെ മലിംഗയെ ക്യാപ്ടൻസിയിൽ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലിംഗ, ഏഞ്ചലോ മാത്യൂസ്, ദിനേഷ് ചാന്ദിമൽ, തിസാര പെരേര എന്നിവർ ലങ്കയെ നയിച്ചും ടീമിന് ഗുണമുണ്ടായിട്ടില്ല. കഴിഞ്ഞ ലോകകപ്പിന് ശേഷം ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടില്ലാത്തയാളാണ് കരുണ രത്‌നെ.
ധോണി ടീമിലുള്ളപ്പോൾ എനിക്കൊരു ഫസ്റ്റ് എയ്ഡ് കിറ്റിന്റെ സ്ഥാനമേയുള്ളൂ. ധോണിക്ക് പരിക്കേറ്റാൽ ഞാൻ അന്നത്തെ ദിവസം ഒരു ബാൻഡേജായി മാറും.
ദിനേഷ് കാർത്തിക്.