elephant

നെടുമങ്ങാട് : തിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിലും കാട്ടാന ശല്യത്തെ കുറിച്ചുള്ള വനാതിർത്തി വാസികളുടെ പരാതികൾക്ക് പരിഹാരമില്ല. താലൂക്കിലെ തോട്ടം, ആദിവാസി മേഖലകളിൽ വേനൽ കടുത്തതോടെ കാട്ടാനശല്യം രൂക്ഷമാണ്. വോട്ട് അഭ്യർത്ഥിച്ച് എത്തുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരും ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന വിഷയവും കാട്ടാന ആക്രമണം തന്നെയാണ്. കല്ലാറിലെ പദ്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ ധരണീന്ദ്രൻ കാണി ഉൾപ്പടെ മൂന്ന് വർഷത്തിനിടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വിതുരയിൽ ആദിവാസി ഗൃഹനാഥൻ ഒറ്റയാന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതാണ് ഈ പരമ്പരയിൽ ഒടുവിലത്തേത്. ആദിവാസികളുടെയും മറ്റും വീടുകളും കൃഷിയിടങ്ങളും നാമാവശേഷമാക്കുകയാണ് കാട്ടാനക്കൂട്ടം.

പെരിങ്ങമ്മല, വിതുര, നന്ദിയോട്, കുറ്റിച്ചൽ പഞ്ചായത്തുകളിലെ വനാതിർത്തി താമസക്കാർ ജീവഭയത്താലാണ് കഴിഞ്ഞു കൂടുന്നത്. പെരിങ്ങമ്മലയിലെ പേത്തലകരിക്കകം, ഞാറനീലി, ഇലവുപാലം, സെന്റ്മേരീസ് എന്നിവിടങ്ങളിലുള്ളവർക്ക് സന്ധ്യകഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ പേടിയാണ്. രാത്രി ചിന്നം വിളിച്ചെത്തിയ ഒറ്റയാൻ വടക്കുംകര വയലരികത്തു വീട്ടിൽ റസിലമ്മയുടെ കുടിലെടുത്തത് ഈയിടെയാണ്. വീട്ടിലുണ്ടായിരുന്ന റസിലയുടെ മകൾ കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഇലവുപാലത്തും വീടിനു നേരെ കാട്ടാന ആക്രമണമുണ്ടായി. കല്ലാർ,മൊട്ടമൂട്, ,ബോണക്കാട്,ബ്രൈമൂർ,ചെന്നല്ലിമൂട്, മുത്തിപ്പാറ, ഇയ്യക്കോട്, കൊന്നമൂട്, ഇലഞ്ചിയം, ഞാറനീലി ട്രൈബൽ സെറ്റിൽമെന്റുകളിലും കാട്ടാന ആക്രമണം തുടർക്കഥയാണ്.

നിരവധിപേരുടെ കൃഷിയിടങ്ങൾ അടുത്തിടെ പൂർണമായി നശിച്ചു. ചതുപ്പ് പ്രദേശങ്ങളാണ് ആനകളുടെ താവളം. ഇവയെ മയക്കുവെടി വച്ച് ഉൾക്കാട്ടിൽ കൊണ്ടുവിടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്. എന്നാൽ, മയക്കുവെടി ആവശ്യമില്ലെന്നും തുരത്തി കാട്ടിൽ കയറ്റാമെന്നുമാണ് വനപാലകരുടെ നിലപാട്. ഇതനുസരിച്ച് വിരട്ടിയോടിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അധികൃതർ തിരിച്ചുപോകുന്നതിന് പിന്നാലെ ആനകൾ തിരിച്ചെത്തുകയാണ് പതിവ്.

സൗരോർജ വേലി വഴിപാടായി..!

വന്യജീവി ആക്രമണത്തിൽ നിന്ന് ആദിവാസികളെയും കൃഷിവിളകളെയും സംരക്ഷിക്കാൻ വനം മന്ത്രി ഇടപെട്ട് ആവിഷ്കരിച്ച ഫെൻസിംഗ്, ആനക്കിടങ്ങ് നിർമ്മാണ പദ്ധതികൾ പ്രയോജനപ്പെടുന്നില്ല. കല്ലാർ,പേത്തലകരിക്കകം, മങ്കയം തുടങ്ങിയ ഭാഗങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സൗരോർജ വേലി അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തമാണ്. വേലി തകർത്താണ് കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്. പെരിങ്ങമ്മലയിലും വിതുരയിലും വനാതിർത്തി ഭാഗങ്ങളിൽ 10 കിലോമീറ്റർ ഫെൻസിംഗിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട് . ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചുള്ള ഫെൻസിംഗ് പോരാ ആനക്കിടങ്ങ് നിർമ്മിക്കുകയോ, ശല്യക്കാരായ കാട്ടാനകളെ മയക്കുവെടി വയ്ക്കുകയോ വേണമെന്നാണ് ആദിവാസികളും മറ്റും ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.