തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷനും റേഡിയോയും ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ പാടില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
അച്ചടി മാദ്ധ്യമങ്ങളിൽ ഈ സമയത്ത് പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ സംസ്ഥാന,ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ്‌മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. കേരളത്തിൽ ഏപ്രിൽ 22 നും 23 നും നിർബന്ധമായും ഈ നിബന്ധന പാലിക്കണം. മുൻകൂർ സർട്ടിഫിക്കേഷൻ ലഭിക്കാൻ പരസ്യങ്ങൾ എം.സി.എം.സിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 19 വൈകിട്ട് 6 മണി വരെയാണ്.