തിരുവനന്തപുരം: നഗരപരിധിയിലെ സെപ്‌റ്റേജ് മാലിന്യ ശേഖരണത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന്റെ ട്രയൽ റൺ ഇന്ന് ആരംഭിക്കും. സ്വകാര്യ സെപ്‌റ്റേജ് ശേഖരണ വാഹനങ്ങൾ പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് തടയുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന സെപ്‌റ്റേജ് റിസീവിംഗ് ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് ബൈലോ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങൾക്ക് ലൈസൻസ് വിതരണം ആരംഭിച്ചു. സെപ്‌റ്റേജ് ശേഖരണത്തിനായി ഓൺലൈൻവഴി ലഭ്യമാകുന്ന അപേക്ഷകൾ പ്രത്യേകം തയ്യാറാക്കിയ സോഫ്ട്‌വെയറിന്റെ സഹായത്തോടെ ലൈസൻസുള്ള വാഹനങ്ങൾക്ക് ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനം സ്ഥലത്തെത്തി മാലിന്യം ശേഖരിച്ച് നഗരസഭയുടെ മുട്ടത്തറയിലുള്ള സെപ്‌റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിക്കും.
പ്രവർത്തന രീതി
----------------------------
ഓൺലൈൻ സെപ്‌റ്റേജ് ബുക്കിംഗ് സേവനം നഗരസഭയുടെ സ്‌മാർട്ട് ട്രിവാൻഡ്രം മൊബൈൽആപ്പിൽ ലഭ്യമാണ്. യൂസർ ഫീ ഓൺലൈനായി അടക്കാം. മൊബൈൽ ആപ്പിലൂടെ സെപ്‌റ്റേജ് ശേഖരണത്തിനുള്ള സേവനം ബുക്ക് ചെയ്യുമ്പോൾ ഗുണഭോക്താവിന് ഒരു ഒ.ടി.പിയും ലൈസൻസുള്ള വാഹനത്തിന്റെ ഡ്രൈവർക്ക് ട്രിപ്പ് പാസും ലഭിക്കും. മാലിന്യം ശേഖരിക്കാനായി വാഹനം സ്ഥലത്തെത്തുമ്പോൾ ഗുണഭോക്താവ് തനിക്ക് ലഭിച്ച ഒ.ടി.പി ഡ്രൈവർക്ക് കൈമാറണം. ഡ്രൈവർ തന്റെ ഫോണിലെ മൊബൈൽ ആപ്പിൽ ഒ.ടി.പി രേഖപ്പെടുത്തുകയും മാലിന്യം ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി. ഗുണഭോക്താവിന് ഫീഡ്ബാക്ക് രേഖപ്പെടുത്താനുള്ള സൗകര്യവും ആപ്പിലുണ്ട്. മാലിന്യവുമായി പ്ലാന്റിൽ വാഹനം എത്തിയാൽ നഗരസഭാ കൺട്രോൾ റൂമിലും വിവരം ലഭ്യമാകും. തുടർന്ന് നഗരസഭാ അക്കൗണ്ടിൽ നിന്നും ലൈസൻസിയുടെ അക്കൗണ്ടിലേയ്ക്ക് ഓൺലൈനായി തന്നെ യൂസർ ഫീ കൈമാറും. സംവിധാനം മോണിറ്റർ ചെയ്യുന്നതിനായി കൺട്രോൾ റൂമും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.