k-sudhakaran

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം വൻ വിവാദമായിട്ടും പിൻവലിക്കാൻ തയ്യാറാകാത്ത യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരനെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്ന് വിലക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആവശ്യപ്പെട്ടു. അധികൃതർ നിയമനടപടികൾ ആരംഭിക്കുകയും വ്യാപക പ്രതിഷേധമുയരുകയും ചെയ്തിട്ടും ഈ പരസ്യം പിൻവലിച്ചിട്ടില്ല. തിരഞ്ഞെടുപ്പു സംവിധാനങ്ങളോടു തന്നെയുള്ള വെല്ലുവിളിയാണിതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പരാജയഭീതിയിൽ വിറളി പൂണ്ടാണ് യു.ഡി.എഫ് നേതൃത്വവും സ്ഥാനാർത്ഥിയും ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം രാഷ്ട്രീയ നയവും വികസന കാഴ്ചപ്പാടുകളും ഉന്നയിക്കുമ്പോൾ അതിനെ എതിർക്കാനാകാതെ വ്യക്തിഹത്യയെയും അപവാദ പ്രചാരണങ്ങളെയുമാണ് യു.ഡി.എഫ് ആശ്രയിക്കുന്നത്. ഏറ്റവുമൊടുവിലാണ് സ്ത്രീവിരുദ്ധ പരസ്യവുമായുള്ള രംഗപ്രവേശം. സകല ജനാധിപത്യമര്യാദകളും കാറ്റിൽ പറത്തി ഇത്തരം വിഷലിപ്ത പ്രചാരണവുമായി യു.ഡി.എഫും കെ. സുധാകാരനും ഇനിയും രംഗത്തുവരുമെന്നതിൽ സംശയമില്ല. എന്നാൽ കണ്ണൂരിലെ പ്രബുദ്ധരായ ജനങ്ങൾക്കിടയിൽ അതൊന്നും ഏശാൻ പോകുന്നില്ലെന്ന് എം.വി. ജയരാജൻ പറഞ്ഞു.