paalam

കിളിമാനൂർ: വാമനപുരം നദിക്ക് കുറുകെ വാമനപുരത്തെയും കാരേറ്റിനെയും തമ്മിൽ ബന്ധിപ്പിച്ച് ബ്രിട്ടീഷ് ഭരണക്കാലത്ത് നിർമ്മിച്ച വാമനപുരം പഴയ പാലം അവഗണനയിൽ. ആധുനിക കാലത്ത് പണികഴിപ്പിച്ച പല പാലങ്ങളും തകർന്ന് പുതിയത് നിർമ്മിച്ചപ്പോഴും കാലപ്പഴക്കം ഒഴിച്ച് മറ്റ് കേടുപാടുകൾ ഒന്നുമില്ലാതെ നിലകൊള്ളുന്ന ഈ പാലം അധികൃതരുടെ കടുത്ത അവഗണനയ്ക്ക് ഇരയാവുകയാണ്.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ എൻജിനീയറിംഗ് വൈദഗ്ദ്യത്തിന് ഉത്തമ ഉദാഹരണമാണ് ഈ പഴയ പാലം. കാളവണ്ടി, കുതിരവണ്ടി തുടങ്ങി ആധുനിക വാഹനങ്ങളെ വരെ അക്കരെ ഇക്കരെ എത്തിച്ചിരുന്ന ഈ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചതോടെയാണ് ഗതകാല മഹത്വം പേറുന്ന മുത്തശ്ശി പാലത്തെ എല്ലാവരും അവഗണിച്ചു തുടങ്ങിയത്. കാടും പടർപ്പും മുൾച്ചെടികളും വളർന്ന് മൂടിയ അവസ്ഥയിലാണ് പാലം ഇപ്പോൾ. കാടു വെട്ടി തെളിച്ച് അറ്റകുറ്റപണി നടത്തി സംരക്ഷിച്ചാൽ കാൽ നടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഈ പാലത്തെ ഉപയോഗിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. ഏറെ ഗതാഗക്കുരുക്ക് അനുഭവപ്പെടുന്ന കാരേറ്റ് - വാമനപുരം പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഒരു പരിധി വരെ ഈ പാലത്തിന് കഴിയും. ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായി നിലകൊള്ളുന്ന ഈ പാലം ചരിത്ര വിദ്യാർത്ഥികൾക്കും, ചരിത്ര ഗവേഷകർക്കും ഉപയോഗപെടുത്താവുന്ന ഒന്നാണ്. ഈ പാലത്തെ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃക സ്വത്തായി കണക്കാക്കണമെന്നാണ് നാട്ടുകാരുടെയും, ചരിത്ര വിദ്യാർത്ഥികളുടെയും ആവശ്യം.