health

മണ്ണിൽ വളരുന്ന ചെടികൾക്ക് മണ്ണിന്റെ സ്വഭാവമനുസരിച്ച് ചില ധാതുലവണങ്ങൾ അധികമായി കൊടുക്കണം. അധികമായി മണ്ണിൽ അടങ്ങിയിരിക്കുന്നവയുടെ അളവ് കുറയ്ക്കാനും ശ്രമിക്കണം. എങ്കിലേ നല്ല വിളവ് ലഭിക്കു. അതുപോലെയാണ് മനുഷ്യന്റെ കാര്യവും. ഭക്ഷണം ധാരാളം കഴിച്ചതുകൊണ്ടോ, ഒരേപോലുള്ള ഭക്ഷണം സ്ഥിരമായി കഴിച്ചതുകൊണ്ടോ ആരോഗ്യം ഉണ്ടാകില്ലെന്നുമാത്രമല്ല പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും.

മിതമായ ഭക്ഷണം കഴിച്ചു ശീലിച്ച സമയത്ത് പാകം ചെയ്യേണ്ടവ ശരിയായി പാകം ചെയ്ത് ഉപയോഗിച്ചാൽ മാത്രമേ ഗുണമുള്ളൂ. അല്ലാതെ നിറവും മണവും ആകൃതിയും ഇഷ്ടവും മാത്രം നോക്കി ഭക്ഷണം കഴിച്ചാൽ പ്രയോജനം കുറവായിരിക്കും.ശീലിച്ചിട്ടില്ലാത്ത ഭക്ഷണവും ഇടയ്ക്കൊക്കെ കഴിക്കണമെന്ന് സാരം. സസ്യാഹാരം മാത്രമേ പാടുള്ളൂ എന്ന് ആയുർവേദം എവിടെയും പറഞ്ഞിട്ടില്ല.

ഇന്നത്തെ ഭക്ഷണ രീതിയിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ കൂടുതലാണ്. ശരീരത്തിന് ഉപയോഗപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ട് വായുടെ രുചി മാത്രം നോക്കി ഭക്ഷണം തെരഞ്ഞെടുക്കുന്നവർ രോഗത്തിലേക്ക് വേഗം നയിക്കപ്പെടുന്നു. അദ്ധ്വാനത്തിനനുസരിച്ചുള്ള ഭക്ഷണം എന്നത് ആരും ശ്രദ്ധിക്കുന്നില്ല .ഒരു ജോലിയും ഇല്ലാത്തവരും വയറുനിറയെ കഴിക്കുന്നു. വയറുനിറയെ കഴിച്ചവർ അതിൻെറ ക്ഷീണമകറ്റാൻ പിന്നെയും ആവശ്യത്തിലധികം വിശ്രമം എടുക്കുന്നു. ജീവിതശൈലീ രോഗങ്ങളിൽ പ്രമേഹം, കൊളസ്ട്രോൾ, പൊണ്ണത്തടി, ഹൃദ് രോഗം തുടങ്ങിയവയ്ക്ക് ഭക്ഷണ നിയന്ത്രണത്തിലൂടെയും സുഖം ലഭിക്കുമെന്നു മാത്രമല്ല മരുന്നിൻെറ അളവ് കുറയ്ക്കുവാനും സാധിക്കും. ഇത്തരം രോഗമുള്ളവർ ആജീവനാന്തം മരുന്ന് കഴിച്ചുകൊള്ളാമെന്ന ധാരണ മാറ്റി ഭക്ഷണത്തിൽ ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ചും അന്നജം അടങ്ങിയ ഭക്ഷണമാണ് കുറക്കേണ്ടത്. അരി,ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കുകയും മറ്റുള്ളവ മിതമായി ശീലിക്കുകയും, രോഗാവസ്ഥയെ കുറിച്ച് ഇടയ്ക്കിടെ പലവിധ പരിശോധനകളിലൂടെ വിലയിരുത്തുകയും, അർഹതയുള്ള ചികിത്സകരിൽ നിന്നുമുള്ള ഉപദേശം അനുസരിക്കുകയും ചെയ്താൽ ഭക്ഷണം തന്നെ മരുന്നായി പ്രവർത്തിക്കും.

ഡോ. ഷർമദ്ഖാൻ