തിരുവനന്തപുരം: യേശുവിന്റെ തിരുവത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്നലെ പെസഹ ആചരിച്ചു. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയതിന്റെയും വിശുദ്ധ കുർബാനയുടെയും ഓർമ പുതുക്കിയാണ് വിശ്വാസികൾ പെസഹ ആചരിച്ചത്. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽകഴുകൽ, അപ്പം മുറിക്കൽ ശുശ്രൂഷകളും നടന്നു.
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും നഗരി കാണിക്കൽ ചടങ്ങും ഉണ്ടാകും. രാവിലെ 7ന് സംയുക്ത കുരിശിന്റെ വഴി പാളയം കത്തീഡ്രലിൽ നിന്നാരംഭിച്ച് ഫ്ലൈഓവർ വഴി തിരിച്ചെത്തി സമാപിക്കും. ശനിയാഴ്ച രാത്രി 11 ഓടെ ഉയിർപ്പിനോടനുബന്ധിച്ചുള്ള തിരുക്കർമങ്ങൾ ആരംഭിക്കും.