വിഴിഞ്ഞം: മുല്ലൂരിലെ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം രാത്രി നടന്ന ഗാനമേളയ്ക്കിടെ സംഘർഷം. എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായി. ഗാനമേളയ്‌ക്കിടെ ബഹളമുണ്ടാക്കിയവരെ ജീപ്പിൽ കയറ്റുന്നതിനിടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കൾ സ്ത്രീകളും കുട്ടികളും ഇരുന്ന ഭാഗത്തു ഡാൻസ് കളിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇതിനിടെ ഭയന്നോടിയവരെ പൊലീസ് ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളമുണ്ടാക്കിയ അമ്പതോളമടങ്ങുന്ന സംഘത്തിലെ ഏതാനുംപേരെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ ഒരാൾ പൊലീസ് ജീപ്പിലെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മറ്റു സംഘങ്ങൾ പൊലീസിനുനേരെ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ വിഴിഞ്ഞം എസ്.ഐ തൃദീപ്ചന്ദ്രൻ, എ.എസ്.ഐ രാജൻ, പൊലീസുകാരായ കൃഷ്‌ണകുമാർ, അജികുമാർ, സുധീർ, മനോജ്, സുമേഷ്, രതീഷ്, സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മുല്ലൂർ സ്വദേശികളായ രാജേഷ് (42), അഗസ്റ്റിൻ (30), ജിത്തു (22),ശ്രീരാഗ് (22), അരുൺ (23), സന്തോഷ് (29), പുന്നക്കുളം സ്വദേശി വൈശാഖ് (20)എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു. സംഘർഷത്തിനിടെ വൈശാഖിനും മർദ്ദനമേറ്റു. പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടിക്കിടെ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തെന്ന് വിഴിഞ്ഞം സി.ഐ ടി.ആർ. ജിജു പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്‌തു.
സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ
പ്രതികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രതികളുടെ ബന്ധുക്കൾ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കോടതിയിൽ ഹാജരാക്കാൻ പ്രതികളെ കൊണ്ടുപോകുന്നതിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പൊലീസിനെ തടഞ്ഞു. ഇവരെ നീക്കം ചെയ്‌തശേഷം പ്രതികളെ വാനിൽ കയറ്റിയപ്പോൾ പ്രതികളുടെ ബന്ധുക്കൾ വാനിന് മുന്നിൽ കുത്തിയിരുന്നു. ഇതിനിടെ ഏതാനുംപേർ വാനിനു മുന്നിൽ കിടക്കുകയും ചെയ്‌തു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് പ്രതികളെ കൊണ്ടുപോകാനായത്. പ്രതികളിലൊരാളുടെ ഭാര്യ ഇതിനിടെ സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണു.